ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായത്; മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

കല്പറ്റ| JOYS JOY| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (11:22 IST)
വയനാട് ജില്ലയില്‍ ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്കി. എസ് പിക്കാണ് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്കിയത്. വയനാട് അമ്പലവയലില്‍ ആണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച വാര്‍ത്ത സ്വകാര്യ വാര്‍ത്തചാനലാണ് പുറത്തുകൊണ്ടു വന്നത്.

സ്ഥലം സന്ദര്‍ശിക്കാന്‍ മാനന്തവാടി ഡി വൈ എസ് പിക്ക് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പൊലീസിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. സംഭവം അതീവഗുരുതരമാണെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. പരാതിപ്പെട്ടതിനു തങ്ങളെ പ്രദേശവാസികള്‍ കെട്ടിയിട്ട് വീണ്ടും പിഡിപ്പിച്ചതായും
പെണ്‍കുട്ടികള്‍ പറയുന്നു.

അമ്പലവയലിലെ പുറ്റാട് മലയച്ചന്‍ കോല്ലി കോളനിയിലാണ് സംഭവം. എല്ലാവരും ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലായി പഠിക്കുന്നവരാണ്. വിവാഹവാഗ്ദാനം നല്‍കി ചിലരെ പീഡിപ്പിച്ചപ്പോള്‍ ചിലരെ നിര്‍ബന്ധിച്ചു മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. സ്ഥലത്തെ പ്രമാണിമാരും പ്രാദേശിക ക്വട്ടേഷന്‍ പണി ചെയ്യുന്നവരുമാണ് കുട്ടികളെ പീഡിപ്പിക്കുന്നത്.
സംഭവത്തില്‍ ഭയപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ സ്കൂളില്‍ പോകാറില്ല. പക്ഷേ, കുട്ടികള്‍ സ്കൂളില്‍ എത്താത്തതിന്റെ കാരണം അന്വേഷിച്ച് സ്കൂള്‍ അധികൃതര്‍ ആരും ഇതുവരെ കോളനിയിലെത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :