വിരട്ടലും വിലപേശലും പാര്‍ട്ടിയോട് വേണ്ട, അത് ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നന്ന്: പിണറായി

ആലപ്പുഴ| vishnu| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (21:05 IST)
പാര്‍ട്ടി ആരേയും തള്ളിക്കളഞ്ഞിട്ടില്ലെന്നും തെറ്റു തിരുത്താന്‍ മാത്രമെ ആവശ്യപ്പെട്ടിട്ടുള്ളു എന്നും മുന്‍ സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇരുപത്തി ഒന്നാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന് അദ്ദേഹം. പാര്‍ട്ടി ആരേയും തള്ളിക്കളഞ്ഞിട്ടില്ല, തെറ്റു തിരുത്താന്‍ മാത്രം ആവശ്യപ്പെടുകയാണ് ചെയ്തത്. എന്നാല്‍ തെറ്റുതിരുത്തിയവരെ വഴിതെറ്റിക്കാന്‍ കഠിനമായ ശ്രമം നടന്നു. ഇത്തരം അനാരോഗ്യകരമാ‍യ പ്രവണതകളെ ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ സാധിച്ചു. തെറ്റുതിരുത്തല്‍ നടപടികള്‍ക്ക് കേന്ദ്ര നേതൃത്വം പൂര്‍ണ പിന്തുണയാണ് നല്‍കിയത് എന്നും അദ്ദേഹം കൂട്ടിച്ചേത്തു.

സിപി‌എമ്മില്‍ ആശയപരമായ ഭിന്നതകളൊന്നും നിലനില്‍ക്കുന്നില്ല, എന്നാല്‍ വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം നടന്നു. പാര്‍ട്ടിക്കുള്ളില്‍ ഉള്ളവരെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് ഹരമാണെന്നും പിണറായി പറഞ്ഞു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതി യഥാര്‍ഥ ക്രിമിനല്‍ ആണെന്നും ഇത്തരക്കാര്‍ അക്രമവാസനയുള്ളവരാണെന്നും പിണറായി പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടിക്കെതിരാ‍യ വിവാദങ്ങളില്‍ അണികള്‍ ഒറ്റക്കെട്ടായി നിന്നു, വിവാദങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതായി പിണറായി അവകാശപ്പെട്ടു.

പാര്‍ട്ടിയുടെ അണികള്‍ ആരായാലും അവര്‍ പ്രസ്ഥാനത്തോട് കീഴ്പ്പെടണമെന്നും ശത്രുക്കളോട് മാത്രമാണ് കീഴടങ്ങരുതാത്തതെന്നും പറഞ്ഞ പിണറായി വിരട്ടലു വിലപേശലും ഈ പാര്‍ട്ടിയോട് വേണ്ടെന്നും അത് എല്ലാവരും ഓര്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു. വിലപേശലും വിരട്ടലുമൊന്നും ഇവിടെ നടപ്പില്ല. അക്കാര്യം ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കണമെന്നും ഓര്‍ത്താല്‍ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :