സ്ഥാനമോഹികളല്ല, ജനങ്ങളാണ് ശക്തി; ആര് പോയാലും സി പി എമ്മുണ്ടാകും: വി എസിന് മുന്നറിയിപ്പുമായി കോടിയേരി

സി പി എം, കോടിയേരി, പിണറായി, വി എസ്, കാരാട്ട്
ആലപ്പുഴ| Last Updated: തിങ്കള്‍, 23 ഫെബ്രുവരി 2015 (19:49 IST)
സ്വന്തം താല്‍പ്പര്യത്തേക്കാള്‍ പാര്‍ട്ടി താല്‍പ്പര്യത്തിന് മുന്‍‌ഗണന കൊടുക്കുന്ന പ്രവര്‍ത്തകരാണ് സി പി എമ്മിന് വേണ്ടതെന്നും ഈ പാര്‍ട്ടിക്ക് വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനങ്ങളാണ് ശക്തിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വ്യക്തികള്‍ വരികയും പോകുകയും ചെയ്യുമെന്നും ആരുപോയാലും പാര്‍ട്ടിയുണ്ടാകുമെന്നും വി എസ് അച്യുതാനന്ദനുള്ള മുന്നറിയിപ്പെന്നവണ്ണം കോടിയേരി വ്യക്തമാക്കി. സി പി എം സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

ഈ പാര്‍ട്ടി വ്യക്തികേന്ദ്രീകൃതമല്ല. ഇത് ഏതെങ്കിലുമൊരു നേതാവിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല. മുഴുവന്‍ അംഗങ്ങളുടെയും അഭിപ്രായത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. എം വി രാഘവനെ പുറത്താക്കിയപ്പോള്‍ പലരും പറഞ്ഞു - മലബാറില്‍ പാര്‍ട്ടി പോയി - എന്ന്. 1987ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എല്ലാ പ്രചരണങ്ങളെയും തള്ളിക്കളഞ്ഞ് ഇടതുമുന്നണി അധികാരത്തില്‍ വന്നു. നായനാര്‍ മുഖ്യമന്ത്രിയായി. ജനങ്ങളാണ് നേതാക്കളെ സൃഷ്ടിക്കുന്നത്. ജനങ്ങളിലാണ് സി പി എം വിശ്വാസമര്‍പ്പിക്കുന്നത്. വ്യക്തി വരും പോകും. ഞാന്‍ പോയാലും സി പി എമ്മുണ്ടാകും. അതാണ് പ്രത്യേകത. ഗൌരിയമ്മ പാര്‍ട്ടിയെ വെല്ലുവിളിച്ചു പാര്‍ട്ടിവിട്ടു. 2006ല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നില്ലേ? അതാണ് ഈ പാര്‍ട്ടി. ഒരു നേതാവും ഒരു വ്യക്തിയും പാര്‍ട്ടിക്ക് അതീതരല്ല - കോടിയേരി വ്യക്തമാക്കി.

ഏതെങ്കിലും ഒരു നേതാവിനുപിന്നിലല്ല, പാര്‍ട്ടിക്ക് പിന്നിലാണ് സഖാക്കള്‍ അണിനിരക്കേണ്ടത്. ഇപ്പോള്‍ പഴയ നക്സലുകളും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവരും ചാനലുകളില്‍ കയറിയിരുന്ന് പ്രചാരവേലകള്‍ നടത്തുകയാണ്. 16 വര്‍ഷക്കാലം ഈ ചാനലുകള്‍ പാര്‍ട്ടിയെ വേട്ടയാടിയില്ലേ? പിണറായിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് നാടുമുഴുവന്‍ കൊട്ടിഘോഷിച്ചവര്‍. സി ബി ഐ കോടതി ഒടുവില്‍ അത് തള്ളിക്കളഞ്ഞില്ലേ. പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു നീക്കത്തിനും പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല എന്ന് 16 വര്‍ഷം പാര്‍ട്ടിയെ നയിച്ചുകൊണ്ട് പിണറായി വിജയന്‍ തെളിയിച്ചു - കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :