രേണുക വേണു|
Last Modified വെള്ളി, 20 ഡിസംബര്‍ 2024 (12:39 IST)
രണ്ട് രാഷ്ട്രീയ ചേരികളില്‍ ആണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും തമ്മില്‍ വര്‍ഷങ്ങളായുള്ള അടുത്ത ബന്ധം ഉണ്ട്. ഇരുവരും കണ്ണൂരില്‍ നിന്ന് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലെ അതികായന്‍മാര്‍ ആയത്. പിണറായി വിജയനെ കുറിച്ച് സുധാകരന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. രാഷ്ട്രീയമായി പിണറായിക്കെതിരെ പോരാട്ടം നടത്തുമ്പോഴും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ പുകഴ്ത്താന്‍ സുധാകരന്‍ പിശുക്ക് കാണിക്കുന്നില്ല.
ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടു പോകാത്ത വളരെ ബോള്‍ഡ് ആയ നേതാവാണ് പിണറായി വിജയനെന്ന് സുധാകരന്‍ പറയുന്നു. പിണറായിക്കുള്ള അത്തരം ഒരു ക്വാളിറ്റി തനിക്കില്ലെന്നും സുധാകരന്‍ പറയുന്നുണ്ട്. ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ പഴയൊരു അഭിമുഖത്തിലാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
' അദ്ദേഹത്തിനുള്ള പല ക്വാളിറ്റികളും എനിക്കില്ല. അദ്ദേഹം എല്ലാ കാര്യങ്ങളിലും വളരെ ഷാര്‍പ്പ് ആണ്. മനസില്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്നു വ്യതിചലിക്കാതെ അതിന്റെ ഉള്ളിന്റെയുള്ളില്‍ പോകുന്ന സ്വഭാവക്കാരനാണ്. കോളേജ് പഠിക്കുന്ന കാലം മുതലേ അങ്ങനെയാണ്. പാര്‍ട്ടിക്കകത്ത് ഹാര്‍ഡ് വര്‍ക്കറായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ പുള്ളി മുന്നില്‍ നില്‍ക്കും,' സുധാകരന്‍ പറയുന്നു.