Sumeesh|
Last Modified ഞായര്‍, 19 ഓഗസ്റ്റ് 2018 (10:17 IST)
പ്രളയം ബാധിച്ച കേരളത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യത്തിന് ഒറ്റക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ നന്നായി അറിയുന്നവർക്ക് മാത്രമേ രക്ഷാപ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയു എന്നും അതിനാലാണ് സംസ്ഥാന സർക്കാർ രക്ഷാ ദൌത്യത്തിന് നേതൃത്വം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ 10 ശതമാനത്തിൽ കൂടുതൽ ഇടവും സമുദ്ര നിരപ്പിനു താഴെയാണ്. അതിനാൽ പ്രളയത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ വേണ്ട മുൻകരുതലുകളെല്ലാം തന്നെ സർക്കാർ സ്വീകരീച്ചിരുന്നു. ആഗസ്റ്റ് ഏഴിന് തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെല്ലുകൾ ആരംഭിച്ചിരുന്നു. സർക്കാർ സന്നാഹങ്ങളും മത്സ്യത്തൊഴിലാളികളും പ്രളയത്തെ നേരിടുന്നതിൽ കാര്യക്ഷമായി പ്രവർത്തിച്ചു.
പ്രാദേശിക ഭരണകൂടവും സേനയും ഒരുമിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുക ആസാമിലും ജമ്മുകാഷ്മീരിലും ഗുജറാത്തിലും മറ്റും ദുരന്തങ്ങൾ ഉണ്ടായപ്പോൾ സമാന രീതിയിലാണ് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. നാടിനെ അറിയുന്നവരുടെ നിർദേശങ്ങളില്ലാതെ സൈന്യത്തിന് ഒന്നും തന്നെ ചെയ്യാനാവില്ല. നമ്മുടെ ഒത്തൊരുമയാണ് രക്ഷാപ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിച്ചത്. കേന്ദ്ര സേനകളും വലിയ രീതിയിൽ സഹകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.