തിരുവനന്തപുരം:|
jf|
Last Updated:
ശനി, 17 ഒക്‌ടോബര്‍ 2015 (13:38 IST)
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം അക്രമങ്ങൾ പ്രോത്സാഹിക്കപ്പെടുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.കോണ്‍ഗ്രസ്സിന് ഇത്തരം വർഗീയ കാടത്തത്തെയും നരമേധത്തെയും തടയാൻ കഴിയില്ല അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭരണത്തിൽ വർഗീയ ഭ്രാന്തന്മാർക്ക് അഴിഞ്ഞാടാനുള്ള സൌകര്യമാണ് ലഭിക്കുന്നത് എന്ന് ഹിമാചൽ സംഭവം ആവർത്തിച്ച് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പശുവിനെ കടത്തിയെന്നാരോപിച്ച് ഹിമാചല്‍ പ്രദേശില്‍ യുവാവിനെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനെപ്പറ്റി പ്രതികരിച്ച പോസ്റ്റിലാണ് പിണറായി വിജയന്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ.....
പശുവിനെ കടത്തിയെന്ന് ആരോപിച്ച് ഹിമാചല്‍പ്രദേശിലെ സിര്‍മൂരില്‍ യുവാവിനെ ബജ്രംഗദളുകാര്‍ കൊലപ്പെടുത്തിയ സംഭവം രാജ്യം നേരിടുന്ന അതീവ ഗുരുതരമായ വിപത്തിന്റെ ഏറ്റവും ഒടുവിലത്തെ സൂചനയാണ്.
ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ ജില്ലയിലെ രാംപുര്‍ സ്വദേശി നൊമന്‍ (28) ആണ് ക്രൂരമായ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. നൊമനോടൊപ്പം ട്രക്കില്‍ സഞ്ചരിച്ച നാലുപേരെ അറസ്റ്റുചെയ്ത് ജയിലിൽ അടക്കുകയും കൊലയാളികളെ സ്വൈര വിഹാരത്തിന് വിടുകയുമാണ് ഹിമാചൽ സർക്കാർ ചെയ്തത്. ഒരു കൊലയാളിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമിക്കപ്പെട്ടവർക്കെതിരെ പശുവിന്റെ കള്ളക്കടത്ത് തടയല്‍, മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാൻ ശുഷ്കാന്തി കാണിച്ച പോലീസിന് നിയമം കയ്യിലെടുത്തു അഴിഞ്ഞാടിയ ബജ്രംഗദളുകാരെ തൊടാൻ എന്ത് കൊണ്ട് മടി എന്ന് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് വിശദീകരിക്കണം.
കോണ്‍ഗ്രസിന്റെ സീനിയർ നേതാവ് വീരഭദ്ര സിങ് നയിക്കുന്ന ഗവർമെന്റ് ആണ് ഹിമാചലിലേത്. ദാദ്രിയിൽ ആഖ്ലാക് എന്ന ഗൃഹനാഥൻ കൊല്ലപ്പെട്ടത്തിനു പുറകെയാണ് കന്നുകാലികളുടെ പേരിൽ ഒരു നരഹത്യ കൂടി നടക്കുന്നത്.
പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ ഡോ. എം എം കലബുര്‍ഗിയെ കൊന്നത് തങ്ങളെന്ന് പ്രഖ്യാപിച്ച സംഘടനയാണ് ബജ്രംഗദൾ. സംഘ പരിവാരിലെ വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗം ആണത്.
കർണാടകത്തിലെ ഉഡുപ്പി ജില്ലയിൽ കാലിവളര്‍ത്തി ജീവിക്കുന്ന ഇബ്രാഹീം എന്നയാളെ മൂന്നു പശുക്കളെയും രണ്ടു കിടാവുകളെയും വാങ്ങി മടങ്ങവെ ഇരുമ്പ് ദണ്ഡും ചെയിനും ഉപയോഗിച്ച് ആക്രമിച്ച് , അത് "ഗോസംരക്ഷണ ഉദ്യമം" എന്ന് ബജ്രംഗദൾ പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്.
പോത്തുകളുമായി അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വണ്ടി തടഞ്ഞു ആക്രമിച്ച അനുഭവം കേരളത്തിലും ഉണ്ടായിട്ടുണ്ട്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം അക്രമങ്ങൾ പ്രോത്സാഹിക്കപ്പെടുകയാണ്. കൊന്നവരെ വെറുതെ വിട്ടു ആക്രമിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്ന ഭരണമാണ് ഹിമാചലിൽ. കോണ്‍ഗ്രസ്സിന് ഇത്തരം വർഗീയ കാടത്തത്തെയും നരമേധത്തെയും തടയാൻ കഴിയില്ല. ആ പാർട്ടിയുടെ ഭരണത്തിൽ വർഗീയ ഭ്രാന്തന്മാർക്ക് അഴിഞ്ഞാടാനുള്ള സൌകര്യമാണ് ലഭിക്കുന്നത് എന്ന് ഹിമാചൽ സംഭവം ആവർത്തിച്ച് തെളിയിക്കുന്നു.