വി എസിനെ അവഹേളിക്കുന്നത് വെള്ളാപ്പള്ളി അവസാനിപ്പിക്കണമെന്ന് പിണറായി

തിരുവനന്തപുരം| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (15:23 IST)
വി എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് വെള്ളാപ്പള്ളി നടേശൻ അവസാനിപ്പിക്കണമെന്ന്
സിപിഎം നേതാവ് പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം.ആർ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ അഹംഭാവം എത്രമാത്രം ഹീനമായ തലത്തിൽ എത്തിക്കുന്നു എന്നാണ് മുതിർന്ന നേതാക്കളെ തുടർച്ചയായി അവഹേളിക്കുന്നതിലൂടെ കാണാനാകുന്നത് അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ചുവടെ......

ആർ എസ് എസിന്റെ നാവുകടമെടുത്ത് വെള്ളാപ്പള്ളി നടേശൻ സഖാവ് വി എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണം.
ആർ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ അഹംഭാവം എത്രമാത്രം ഹീനമായ തലത്തിൽ എത്തിക്കുന്നു എന്നാണ് മുതിർന്ന നേതാക്കളെ തുടർച്ചയായി അവഹേളിക്കുന്നതിലൂടെ കാണാനാകുന്നത്.
ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഒരിക്കലും ഉൾക്കൊള്ളുന്നതല്ല ആർ എസ് എസ് രാഷ്ട്രീയം . അത് തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വർഗീയതയുടെ വഴിയിലേക്ക് നയിക്കാൻ ആര് ശ്രമിച്ചപ്പോഴും ചെറുത്തു നിന്ന പാരമ്പര്യമാണ് ശ്രീനാരായണീയരുടേത്. "മതമെന്നാൽ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം."എന്ന ശ്രീനാരായണ വാക്യം നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ജനതയെ, മാട്ടിറച്ചി ഭക്ഷിച്ചു എന്ന് ആരോപിച്ചു മനുഷ്യനെ തല്ലിക്കൊല്ലുന്ന വർഗീയ ഭ്രാന്തിന്റെ അവസ്ഥയിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഒരു നീക്കവും കേരളത്തിൽ വിജയിക്കില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :