വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് തിരിച്ചടി; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ ഇല്ല

പഞ്ചായത്ത് വിഭജനം , ഹൈക്കോടതി , സിംഗിള്‍ ബെഞ്ച് , തെരഞ്ഞെടുപ്പ് കമ്മിഷന്‍
കൊച്ചി| jibin| Last Updated: വ്യാഴം, 20 ഓഗസ്റ്റ് 2015 (14:46 IST)
പഞ്ചായത്ത് രൂപീകരണം തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിയെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങളെ ശരിവെച്ചു കൊണ്ടുള്ള ഇടക്കാല വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടായത്. തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണം. പുനര്‍ വിഭജനം നടത്തിയതില്‍ തെറ്റ് സംഭവിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവര്‍ത്തനങ്ങളുമായി ഇലക്ഷന്‍ കമ്മീഷന് മുന്നോട്ട് പോകാം. സര്‍ക്കാര്‍ കമ്മീഷന് ആവശ്യമായ സഹായങ്ങള്‍ ചെയ്‌തു നല്‍കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എഎന്‍ ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.


നവംബർ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിൽ വരുന്ന രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നൽകിയ ഉത്തരവിൽ പറയുന്നു. 69 പുതിയ പഞ്ചായത്തുകളുടെയും നാല് മുന്‍സിപ്പാലിറ്റികളുടെയും രൂപീകരണമാണ് നേരത്തെ സിംഗിള്‍ ബെഞ്ച് തടഞ്ഞത്. സിംഗിള്‍ ബെഞ്ച് വിധിയില്‍ ഇടപെടാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു. പഞ്ചായത്തു തെരഞ്ഞെടുപ്പു കൃത്യസമയത്തു തന്നെ നടത്തണമെന്നും കോടതി വ്യക്തമാക്കി.

നാല് മുനിസിപ്പാലിറ്റികളുടെ രൂപീകരണവും, 69 പഞ്ചായത്തുകളുടെ രൂപികരണവും തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിയെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. 2010ലെ സാഹചര്യം തുടര്‍ന്നാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. പുതിയ പഞ്ചായത്ത് വിഭജനവുമായി മുന്നോട്ടുപോയാൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ വൈകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. അനുകൂലമായ വിധി വന്നതോടെ ഇനി തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് എങ്ങനെ ക്രമീകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം
വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് തീരുമാനിക്കേണ്ടത് കമ്മിഷനാണ്. ഇക്കാര്യത്തിൽ കോടതി ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :