ജോണി നെല്ലൂര്‍ യു ഡി എഫ് സെക്രട്ടറിയാകും ; രാജിവച്ച ഔഷധി ചെയർമാൻ സ്ഥാനവും പാർട്ടി ചെയർമാൻ സ്ഥാനവും ഏറ്റെടുക്കും : ഉമ്മൻ ചാണ്ടി

അങ്കമാലി സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ യു ‍ഡി എഫുമായി ഇടഞ്ഞ ജോണി നെല്ലൂർ യു ഡി എഫില്‍ തിരിച്ചെത്തി

പാലാ, ജോണി നെല്ലൂര്‍, ഉമ്മൻ ചാണ്ടി , അങ്കമാലി pala, jhoni nellur, oommen chandi, angamali
പാലാ| സജിത്ത്| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (07:47 IST)
അങ്കമാലി സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ യു ‍ഡി എഫുമായി ഇടഞ്ഞ ജോണി നെല്ലൂർ യു ഡി എഫില്‍ തിരിച്ചെത്തി. യു ഡി എഫ് സെക്രട്ടറിയായി ജോണി നെല്ലൂരിനെ നിയമിക്കുമെന്നും രാജിവച്ച ഔഷധി ചെയർമാൻ സ്ഥാനവും പാർട്ടി ചെയർമാൻ സ്ഥാനവും അദ്ദേഹം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഇന്നലെ കെ എം മാണി എം എൽ എയുടെ വീട്ടിൽ ജോണി നെല്ലൂരും കൂടി പങ്കെടുത്ത യോഗത്തിനുശേഷമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

‘ജോണി നെല്ലൂരിന് വേണ്ടത്ര പരിഗണന കൊടുക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ മത്സരിച്ച അങ്കമാലി സീറ്റ് നൽകുന്നതു സംബന്ധിച്ച് താനും രമേശ് ചെന്നിത്തലയും വി എം സുധീരനും ചർച്ച നടത്തിയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ സീറ്റ് നൽകാൻ സാധിച്ചില്ല. ഇതിൽ അതീവ ദുഃഖമുണ്ട്. ജോണി നെല്ലൂരിനോട് നീതി പുലർത്താൻ കഴിയാതിരുന്നതിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നു. അനിവാര്യമായ പ്രവര്‍ത്തനശൈലിയാണ് ജോണിയുടേത് . അടുത്ത യു ഡി എഫ് യോഗത്തിൽ അദ്ദേഹത്തിന് സെക്രട്ടറി സ്ഥാനം നൽകുന്നതു സമ്പന്ധിച്ചുള്ള തീരുമാനം അംഗീകരിക്കും’. മുഖ്യമന്ത്രി വ്യക്തമാക്കി.

ജെ എസ് എസ് നേതാവ് രാജൻ ബാബുവായിരുന്നു ഇതുവരെ യു ഡി എഫ് സെക്രട്ടറി. അങ്കമാലി സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ യു ‍ഡി എഫുമായി ഇടഞ്ഞ ജോണി നെല്ലൂർ യു ഡി എഫ് വിടാൻ തീരുമാനിച്ചിരുന്നു. കൂടാതെ, പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണ് താനെന്ന് കഴിഞ്ഞദിവസം ഫേസ്‌ബുക്കിലൂടെയും ജോണി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ നടന്ന കൂടിക്കാഴ്ച. മന്ത്രി അനൂപ് ജേക്കബ്, ജോസ് കെ മാണി എം പി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

തന്നോട് നീതി കാണിക്കാൻ യു ഡി എഫിനു കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രിക്കു വ്യക്തമായതായി ജോണി നെല്ലൂർ പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച അങ്കമാലി സീറ്റ് ലഭിക്കതിരുന്നതിനാല്‍ താന്‍ ഒരുപാട് വിഷമിച്ചു. കടുത്ത അവഗണന നേരിട്ടതിനെ തുടര്‍ന്നാണ്
കോർപറേഷൻ ചെയർമാൻ സ്ഥാനവും പാർട്ടി ചെയർമാൻ സ്ഥാനവും ഉൾപ്പെടെയുള്ളവയെല്ലാം രാജിവച്ചത്.

രാജിയെത്തുടർന്ന് മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും പി പി തങ്കച്ചനുമെല്ലാം ജോണി നെല്ലൂരുമായി ബന്ധപ്പെട്ടിരുന്നു. ഇവരുടെയെല്ലാം നിർബന്ധത്തിനു വഴങ്ങിയാണ് പ്രഖ്യാപിച്ച രാജികളെല്ലാം പിൻവലിക്കുന്നത്. യു ഡി എഫിന്റെ തുടർ ഭരണത്തിനായി താന്‍ സജീവമായി രംഗത്തുണ്ടാകുമെന്നും ജോണി നെല്ലൂർ അറിയിച്ചു. കെ എം മാണിയുടെ തിരഞ്ഞെടുപ്പു സമ്മേളനത്തിൽ പങ്കെടുക്കുകയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നടത്തുകയും ചെയ്ത ജോണി നെല്ലൂർ ബിഷപ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടിനേയും സന്ദർശിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :