കണ്ണൂര്‍|
സജിത്ത്|
Last Modified വെള്ളി, 27 ജനുവരി 2017 (14:23 IST)
തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കവേ ഉണ്ടായ
ബോംബേറ് ആസൂത്രിതമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കണ്ണൂര്‍ ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനാണ് ആര്‍എസ്എസ് ആസൂത്രിതമായി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങളെ കുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തണം. ആര്‍എസ്എസ് ഒരു അധോലോക സംഘമായി മാറിക്കഴിഞ്ഞൂ എന്നതിന്റെ സൂചനകളാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം, ബോംബെറിഞ്ഞ സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് കോടിയേരി ബാലകൃഷ്‌ണന്റെ പ്രസംഗവേദിക്ക് സമീപമാണ് ബോംബേറ് നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബൈക്കില്‍ എത്തിയ അജ്ഞാതസംഘം വേദിക്ക് സമീപമുള്ള റോഡിലേക്ക് ബോംബ് എറിയുകയായിരുന്നു. തലശ്ശേരി നങ്ങാറത്ത് പീടികയില്‍ നടന്ന രക്തസാക്ഷി കെ പി ജിജേഷ് അനുസ്മരണ പരിപാടിക്കിടെ ആയിരുന്നു ബോംബേറ്.
ബോംബ് റോഡില്‍ വീണു പൊട്ടി. ആക്രമണത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിന് പരുക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്നും പൊട്ടിയത് സിപിഐഎമ്മുകാരുടെ കയ്യിലിരുന്ന ബോംബെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് സത്യപ്രകാശ് പ്രതികരിച്ചു.