രേണുക വേണു|
Last Modified വെള്ളി, 10 ജനുവരി 2025 (08:20 IST)
P Jayachandran: ഗായകന്‍ പി.ജയചന്ദ്രന്റെ വേര്‍പാടില്‍ വേദനിച്ച് കലാസാംസ്‌കാരിക കേരളം. മൃതദേഹം ഉടന്‍ തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ എത്തിക്കും. രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെ തൃശൂര്‍ സംഗീത നാടക അക്കാദമി റീജണല്‍ തിയറ്ററില്‍ പൊതുദര്‍ശനം.
ഉച്ചയ്ക്കു ഒരു മണിയോടെ വീണ്ടും പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ കൊണ്ടുവരും. നാളെ രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയം തറവാട്ട് വസതിയിലേക്കു കൊണ്ടുപോകും. ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനം. വൈകിട്ട് നാല് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും.
വ്യാഴാഴ്ച വൈകിട്ട് തൃശൂര്‍ അമല ആശുപത്രിയില്‍ വെച്ചായിരുന്നു ജയചന്ദ്രന്റെ അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തില്‍ അധികമായി അമല ആശുപത്രിയില്‍ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. വൈകിട്ട് എഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.