സിപിഎം ജനങ്ങളിൽ നിന്ന് അകന്നു, കേരളത്തിൽ വിഭാഗീയത വളർത്താൻ ബിജെപി ശ്രമിക്കുന്നു: മുഖ്യമന്ത്രി

  തദ്ദേശ തെരഞ്ഞെടുപ്പ് , യുഡിഎഫ് , സിപിഎം , ബിജെപി , ഉമ്മന്‍ചാണ്ടി
കൊച്ചി| jibin| Last Updated: ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (15:01 IST)
കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുപോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ജനം ചുട്ടമറുപടി നല്‍കും. കേരളത്തിൽ വിഭാഗീയത വളർത്താൻ ബിജെപി ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ജനം ചുട്ടമറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയല്ല ഇടതുമുന്നണിയാണു യുഡിഎഫിന്റെ മുഖ്യ എതിരാളി. അരുവിക്കരയില്‍ ഉണ്ടായ വിജയം ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന്റെ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫിലെ പ്രശ്നങ്ങളെക്കുറിച്ചോര്‍ത്ത് ആരും തലപുകയ്ക്കേണ്ട കാര്യമില്ലെന്നും, പറഞ്ഞാല്‍ തീരാത്ത ഒരു പ്രശ്നവും യുഡിഎഫിലില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് പ്രവർത്തകര്‍ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണം. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വമ്പിച്ച വിജയം തെരഞ്ഞെടുപ്പിൽ നേടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2006ലെ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും സിപിഎമ്മിന് ജയിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് അവര്‍ ആലോചിക്കണം. അന്ധമായ യുഡിഎഫ് വിരോധമാണ് സിപിഎമ്മിനെ ഈ നിലയിൽ എത്തിച്ചത്. തങ്ങളോടുള്ള അന്ധമായ വിരോധം കാരണം കേരളത്തിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും സിപിഎം എതിര്‍ക്കുകയാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്ന ബിജെപിക്ക് ജനം നല്ല മറുപടി നല്‍കും. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ നരേന്ദ്ര മോഡി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അവരുടെ വാക്കും പ്രവർത്തികളും തമ്മിൽ ബന്ധമില്ല. സംസ്ഥാനത്ത് വിഭാഗീയത വളർത്താനുള്ള ബിജെപി ശ്രമത്തെ കേരളം തള്ളിക്കളയും. കേരളം ഒരിക്കലും വർഗീയതയെ പ്രോത്സാഹിപ്പിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കൊച്ചിയിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :