തെറ്റ് ചെയ്തിട്ടില്ലെന്ന് പൂര്‍ണബോധ്യമുണ്ട്, നൂറിരട്ടി ശക്തിയോടെ തിരിച്ചുവരും: ഉമ്മന്‍ചാണ്ടി

തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2017 (12:07 IST)
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പൂര്‍ണ ബോധ്യമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്ക് ഒരു ആശങ്കയുമില്ല. ഇതിലും നൂറിരട്ടി ശക്തിയോടെ താന്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ടേംസ് ഓഫ് റഫറന്‍സിലാണോ കണ്ടെത്തലുകള്‍ എന്ന കാര്യം വ്യക്തമാക്കണമെന്നും
ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

പ്രതിപക്ഷം നിയമസഭയില്‍ പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റിപ്പോര്‍ട്ട് പുറത്തുവിടാതെ എങ്ങനെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. കേസിലെ നടപടികള്‍ കൊണ്ടൊന്നും തന്നെ തളര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാര്‍ കേസിനെ നിയമപരമായി തന്നെ നേരിടും. ഇപ്പോഴത്തെ നടപടി ഈ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. സരിതയുടെ പേരില്‍ പുറത്തുവന്ന കത്ത് കൃത്രിമമാണെന്നും അതിനെതിരെ താന്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം , സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂട്ടമായി എല്ലാവരുടെയും പേരില്‍ കേസെടുക്കുന്നത് അസാധാരണമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത് പുറത്തുവിട്ടത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :