സോളാര്‍ കമ്മീഷന്‍; മുഖ്യമന്ത്രിക്ക്​ 1.90 കോടിയും ആര്യാടന്​ 40 ലക്ഷവും നൽകിയെന്ന വെളിപ്പെടുത്തലുമായി സരിത

കൊച്ചി| Sajith| Last Modified ബുധന്‍, 27 ജനുവരി 2016 (14:07 IST)
മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്​ ഒരു കോടി 90 ലക്ഷം രൂപ നൽകിയതായി സോളാർ കേസ്​ പ്രതി എസ്​ നായർ സോളാർ കമീഷന്​ മൊഴി നൽകി. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനും രണ്ട്​ തവണയായി 40 ലക്ഷം രൂപ കൈക്കൂലി കൊടുത്തിട്ടുണ്ടെന്നും സരിത പറഞ്ഞു.

ഡൽഹി ചാന്ദ്​നി ചൗക്കിൽ വെച്ച്​ തോമസ്​ കുരുവിളയുടെ പക്കലാണ് മുഖ്യമന്ത്രിക്ക്​ കൊടുക്കാനായി ഒരു കോടി 10 ലക്ഷം രൂപ നൽകിയത്. 80 ലക്ഷം രൂപ തിരുവനന്തപുരത്തെ വസതിയി​ല്‍ വച്ചാണ് നല്‍കിയത്.
ആര്യാട​ന്റെ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിൽ വെച്ച്​ അദ്ദേഹത്തിന് ആദ്യം 25 ലക്ഷം നൽകിയിരുന്നു. പിന്നീട്​ സ്​റ്റാഫ്​ മുഖാന്തരം ബാക്കിയുള്ള 15 ലക്ഷവും കൈമാറി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു താന്‍ ആര്യാടനെ കണ്ടത്​. ആര്യാട​ന്റെ പി എ കേശവൻ രണ്ട്​ കോടി രൂപയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും സരിത മൊഴി നൽകി.

2011 ജൂണിൽ ടീം സോളാറി​ന്റെ നിവേദനവുമായിട്ടാണ് ആദ്യമായി മുഖ്യമന്ത്രിയെ കണ്ടത്. ഗണേഷ്​കുമാറി​ന്റെ പിഎയാണ്​ മുഖ്യമന്ത്രിയെ കാണാൻ വേണ്ടി തനിക്ക് സൗകര്യമൊരുക്കിയത്​. നിവേദനവുമായി ഒരാൾ വരുന്നുണ്ടെന്നും പരിശോധിക്കണമെന്നും മുഖ്യമന്ത്രിതന്നെയാണ്​ ​ആര്യാടനെ വിളിച്ച്​ പറഞ്ഞത്​. ​അനർട്ടുമായി ചേർന്ന്​ സോളാർ പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചത്​. ഇതിന്​ സൗകര്യം ചെയ്​ത്​ തരാമെന്ന്​ ആര്യാടൻ സമ്മതിച്ചു. കല്ലട ഇറിഗേഷൻ പദ്ധതി സ്ഥലം സന്ദർശിക്കാനും അദ്ദേഹം അനുമതി നൽകി. സരിത വ്യക്തമാക്കി

മുഖ്യമന്ത്രിയെ പിന്നീട്​ പലതവണ കണ്ടിട്ടുണ്ട്.മുഖ്യമന്ത്രിതന്നെയാണ് ജോപ്പ​ന്റെ നമ്പർ നൽകിയത്. ജിക്കുമോ​ന്റേയും ജോപ്പ​ന്റേയും ഫോണിലൂടെ പലതവണ താന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക്​ ഏഴ്​ കോടി രൂപ കൊടുക്കേണ്ടി വരുമെന്ന്​
പറഞ്ഞത് ജിക്കുമോനാണെന്നും സരിത മൊഴിനൽകി.

അതേസമയം,സരിത പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന നിലപാടിലാണ് ആര്യാടൻ മുഹമ്മദി​ന്റെ പി എ കേശവൻ ചാനലുകളോട്​ പ്രതികരിച്ചത്. ഈ ആരോപണത്തോട്​ പ്രതികരിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇതുവരെ തയാറായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :