നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌ അറസ്റ്റില്‍

കൊച്ചി| VISHNU N L| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (18:03 IST)
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയ ഉദ്യോഗസ്ഥനായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫസ് ലോറന്‍സിനെ അറസ്റ്റ് ചെയ്തു. സിബിഐയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തട്ടിപ്പ് നടത്തിയ അൽസറാഫ ട്രാവൽ ആന്റ് മാൻപവർ കൺസൾട്ടൻസ് സ്ഥാപനത്തിന് ഒത്താശ ചെയ്തു നൽകിയ കേസുകളിൽ ഒന്നാം പ്രതിയാണ് ലോറൻസ്. കേസിലെ മറ്റൊരു പ്രതിയും അൽസറാഫ ഉടമസ്ഥനുമായ ഉതുപ്പ് വർഗീസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ അല്‍ സറാഫ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസുമായി അഡോള്‍ഫസ് ലോറന്‍സ് ഗൂഢാലോചന നടത്തിയതായി സി.ബി.ഐക്ക് വിവരം ലഭിച്ചിരുന്നു. അല്‍ സറാഫ ഏജന്‍സിയില്‍നിന്ന് അഡോള്‍ഫസ് ലോറന്‍സ് മൂന്ന് ലക്ഷത്തോളം രൂപ കൈപ്പറ്റിയതായി ഏജന്‍സി ജീവനക്കാരന്‍ നേരത്തെ സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു. സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയശേഷം അഡോള്‍ഫസ് ലോറന്‍സിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍വാങ്ങി ചോദ്യം ചെയ്യും.

1,200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ട കരാറാണ് കുവൈറ്റിലെ ആരോഗ്യമന്ത്രാലയവുമായി അൽസറഫ ഏജൻസി ഉണ്ടാക്കിയത്. സർക്കാർ വ്യവസ്ഥ പ്രകാരം സേവന ഫീസായി ഒരാളിൽ നിന്ന് 19,500 രൂപ മാത്രമേ ഇടക്കാൻ പാടുള്ളൂ. എന്നാൽ അൽ സറഫ മാൻ പവർ ഏജൻസി ഒരാളിൽ നിന്നും 19.5 ലക്ഷത്തോളം രൂപ ഈടാക്കിയിരുന്നു. ഇങ്ങനെ 230 കോടി രൂപയാണ് ഇയാൾ തട്ടിച്ചത്. നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി അഡോൾഫ ലോറൻസ്, ഉതുപ്പ് വർഗീസുമായി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിനെ സാധൂകരിക്കുന്ന മൊഴികളും സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :