അപർണ|
Last Modified ചൊവ്വ, 11 സെപ്റ്റംബര്‍ 2018 (12:44 IST)
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയിൽ വത്തിക്കാന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പരാതി നൽകിയ കന്യാസ്ത്രീ കത്തയച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകള്‍ക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്.
മിഷണറീസ് ഓഫ് ജീസസിലെ മറ്റ് പല കന്യാസ്ത്രീകളേയും കഴുകന് കണ്ണുകളുമായാണ് ബിഷപ് ഫ്രാങ്കോ കാണുന്നതെന്ന് കന്യാസ്ത്രി കത്തില്‍ പറയുന്നു. രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും ബിഷപ് ഫ്രാങ്കോ സ്വാധീനിച്ചിരിക്കുകയാണെന്ന് കത്തിൽ പറയുന്നു.
സഭയെ അമ്മയായാണ് കണ്ടതെന്നും എന്നാല്‍ അനുഭവം കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് തെളിയിച്ചെന്നും കത്തിൽ പറയുന്നു. അതേസമയം, പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് പൂർണ പിന്തുണയുമായി ഇപ്പോഴും മറ്റ് കന്യാസ്ത്രീകൾ രംഗത്തുണ്ട്. അറസ്റ്റുവരെ പോരാടുമെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ. ആരുടെയും പ്രേരണയിലല്ല ഞങ്ങൾ സമരം ചെയ്യുന്നത്. സഹോദരിക്ക് നീതി കിട്ടണം. മിഷനറീസ് ഓഫ് ജീസസിന്റെ എതിർപ്പിനുപിന്നിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെയാണ്.
അനുസരണം എന്നുപറഞ്ഞ് അടിച്ചമർത്താൻ ശ്രമിക്കുകയാണ്. പരാതി സത്യമാണ്. അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി. അതേസമയം, തങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പി സി ജോർജ് എംഎൽഎയ്ക്കെതിരെ പരാതി നൽകുമെന്നും അടുത്ത ദിവസം തന്നെ മൊഴി നൽകുമെന്നും അവർ വ്യക്തമാക്കി.
എന്നാൽ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം അപലപനീയമാണെന്നാണ് മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹം പറഞ്ഞിരുന്നത്. ബാഹ്യശക്തികളുടെ ഗൂഢാലോചനയാണു സമരം. ഇതിൽ അന്വേഷണം വേണം. ബിഷിപ്പ് പീഡിപ്പിച്ചെന്ന പരാതി വസ്തുതാ വിരുദ്ധമാണ്. അതിനുശേഷവും കുടുംബത്തിലെ പരിപാടികൾക്ക് അവർ ബിഷപ്പിനെ കൊണ്ടുപോയിട്ടുണ്ടെന്നും അവർ ആരോപിക്കുന്നു.