Sumeesh|
Last Modified ശനി, 2 ജൂണ്‍ 2018 (18:12 IST)
കോഴിക്കോട്:
നിപ്പ വൈറസ് ഭീതിയെ തുടർന്ന് കോഴിക്കോട്
സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തുന്നു. കുറ്റ്യാടി, പേരാമ്പ്ര, മുക്കം, എന്നീ മേഖലകളിലാണ് സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തുന്നത്. ഈ പ്രദേശങ്ങളിലെ ആളുകൾ ബസ്സിൽ യാത്ര ചെയ്യാൻ മടിക്കുകയാണെന്നും. ഇത് വരുമാന നഷ്ടമുണ്ടാക്കുന്നതിനാലാണ് സർവീസുകൾ നിർത്തിവെക്കുന്നത് എന്നും ബസ് ഉടമകൾ പറയുന്നു.
അതേ സമയം നിപ്പ വൈറസ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് ജൂണ് 12 ലേക്ക് നീട്ടി. നിപ്പയുടെ രണ്ടാം ഘട്ടം ആരംഭിച്ച സാഹചര്യത്തിലാണ് സ്കൂൾ തുറക്കുന്നത് നീട്ടിയത്.
നിപ്പയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ ജൂൺ നാലിന് തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേരുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ഇതിനിടെ നിപ്പക്കായി ഓസ്ട്രേലിയയിൽ നിന്നും പുതിയ മരുന്നുകൾ എത്തിച്ചു. ഐസിഎംആറിൽനിന്നുള്ള വിദഗ്ധർ എത്തിയ ശേഷം മാത്രമേ മരുന്ന് നൽകി തുടങ്ങു എന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.