യുവതിയുടെ മരണം: ഭര്‍തൃസഹോദരിയും മാതാപിതാക്കളും അറസ്റ്റില്‍

പാറശാല| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (16:22 IST)
ഭര്‍തൃഗൃഹത്തില്‍ വച്ച് യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍തൃസഹോദരിയും ഭര്‍ത്താവിന്‍റെ മാതാപിതാക്കളും അറസ്റ്റിലായി. ഭര്‍ത്താവ് നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്നിനാണു മഞ്ജു എന്ന യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ചെങ്കല്‍ കീഴ്മാകം എസ്എല്‍ ഭവനില്‍ സുന്ദരേശന്‍ (63) ഭാര്യ ലളിത (55), പൂഴിക്കുന്ന് കുരിവേഞ്ഞിക്കോണം പൂങ്കുവിള വീട്ടില്‍ സിന്ധു എന്ന അനിത എന്നിവരാണ്‌ ഇപ്പോള്‍ പൊലീസ് അറസ്റ്റിലായത്.

സ്ത്രീധനത്തിനു വേണ്ടി ഭര്‍ത്താവ് അജികുമാറും ബന്ധുക്കളും നിരന്തരം ശാരീരികവും മാനസികവുമായും പീഡിപ്പിച്ചതില്‍ മനം നൊന്ത് മഞ്ജു ആത്മഹത്യ ചെയ്യുകയായിരുന്നു. അജികുമാര്‍ മഞ്ജുവിനെ വിവാഹം ചെയ്ത് ആറുമാസമായപ്പോഴായിരുന്നു സംഭവം നടന്നത്.

വിവാഹ സമയത്ത് മഞ്ജുവിനു 37 പവന്‍റെ ആഭരണങ്ങള്‍ മാത്രമാണു നല്‍കിയതെന്നും അത് അജികുമാര്‍ ഊരിവാങ്ങുകയും ബാക്കി തുക വീടുവിറ്റ് നല്‍കണം എന്നും ആവശ്യപ്പെട്ടായിരുന്നു നിരന്തരമായ പീഡനം. മഞ്ജുവിന്‍റെ മരണം സംബന്ധിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ അറസ്റ്റുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :