കുമളി|
jibin|
Last Modified ചൊവ്വ, 8 ഡിസംബര്‍ 2015 (08:34 IST)
മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു.
ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിൽ തിങ്കളാഴ്ച വൈകിട്ടോടെ തുറന്ന എട്ടു ഷട്ടറുകൾ അടച്ചു. ഇന്നുരാവിലെ ജലനിരപ്പ് 141.67 അടിയായാണ് താഴ്ന്നത്. അതേസമയം, പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മഴ കുറഞ്ഞതും വൃഷ്ടി പ്രദേശത്ത് മഴയുടെ തോത് കുത്തനെ കുറഞ്ഞതും മൂലം അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവുണ്ട്. സെക്കൻഡിൽ 2100 ഘനയടി വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെ മുന്നറിയിപ്പില്ലാതെ ഇടുക്കി ജലസംഭരണിയിലേക്ക് തമിഴ്നാട് ജലം തുറന്നുവിടുകയായിരുന്നു. ഇതോടൊപ്പം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്‍െറ അളവ് 2000 ഘനഅടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം കൊണ്ടുപോയി പ്രതിസന്ധി ഒഴിവാക്കാനായിരുന്നു തമിഴ്നാടിന്റെ ശ്രമം. എന്നാൽ മഴ ശമിക്കാത്തതിനാൽ ഇത് പൂർണമായും ഫലിച്ചില്ല. ഈ സാഹചര്യത്തില്‍ വള്ളക്കടവ്, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നിവിടങ്ങളിലെ 206 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് കേന്ദ്രന ജലവിഭവ മന്ത്രി ഉമാ ഭാരതി റിപ്പോർട്ട് ആവശ്യപ്പെട്ടു. കേന്ദ്ര ജലവിഭവ സെക്രട്ടറിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള എംപി മാർ ഉമാ ഭാരതിയെ കണ്ട് ആശങ്ക അറിയിച്ചിരുന്നു.