മുല്ലപ്പള്ളി വിട്ടുനിന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല; അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകില്ലെന്നും സുധീരന്‍

വടകര| JOYS JOY| Last Modified ഞായര്‍, 10 ജനുവരി 2016 (15:51 IST)
ജനരക്ഷായാത്രയ്ക്ക് നല്കിയ സ്വീകരണ പരിപാടിയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടു നിന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ജനരക്ഷായാത്രയ്ക്ക് നല്കിയ സ്വീകരണത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടികള്‍ ഉണ്ടാവില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

അതേസമയം, നേതൃത്വത്തിന്റെ നടപടികളിലും തന്നോടുള്ള അവഗണനയിലും ഉള്ള പ്രതിഷേധമാണ് മുല്ലപ്പള്ളി സ്വീകരണയോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി സി സി പുനസംഘടനയില്‍ മുല്ലപ്പള്ളി നിര്‍ദ്ദേശിച്ചവരെ നേതൃത്വം അവഗണിച്ചതാണ് മുല്ലപ്പള്ളിയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചനകള്‍.

മുല്ലപ്പള്ളിയുടെ മണ്ഡലമായ വടകരയുടെ വിവിധ ഭാഗങ്ങളില്‍ ജനരക്ഷായാത്രയ്ക്ക് സ്വീകരണം നല്‌കിയെങ്കിലും ഒന്നില്‍ പോലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. താന്‍ മനപൂര്‍വ്വമാണ് പരിപാടികളില്‍ പങ്കെടുക്കാതിരുന്നതെന്നും തന്നെ വേണ്ടാത്ത പാര്‍ട്ടിക്കാരോടൊപ്പം താന്‍ യാത്ര നടത്തേണ്ട കാര്യമില്ലെന്നും ഇതിനെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

എന്നാല്‍, മറ്റ് പരിപാടികളുടെ തിരക്കു മൂലം വടകരയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എം പിക്ക് കഴിയാതെ പോയതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്കുന്ന വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :