തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 8 ജനുവരി 2016 (12:16 IST)
യുഡിഎഫിൽ അവഗണന നേരിടുകയാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമായി വേദി പങ്കിട്ട ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാറിനെതിരെ ജെഡിയു സംസ്ഥാന ഘടകത്തിൽ ഭിന്നത രൂക്ഷം.
പിണറായി വിജയന്റെ കാപട്യം വീരേന്ദ്രകുമാർ തിരിച്ചറിയണം. കാപട്യവും കുബുദ്ധിയും നിറഞ്ഞതാണ് പിണറായിയുടെ ഇപ്പോഴത്തെ നീക്കം. ജെഡിയു യുഡിഎഫിൽ ഉറച്ചു നിൽക്കും. ഇടതുചേരിയിലേക്ക് പോകാനുള്ള ഒരു സാഹചര്യവും ഇന്നില്ല.
യുഡിഎഫ് വിടുമെന്ന് ഇതുവരെ ജെഡിയു പറഞ്ഞിട്ടുമില്ലെന്നും കെപി മോഹനൻ അഭിപ്രായപ്പെട്ടു. അതേസമയം കെപി മോഹനന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അഭിപ്രായ ഭിന്നതകൾ പാർട്ടി ചർച്ച ചെയ്യുമെന്നും ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.
വീരേന്ദ്രകുമാറിന്റെ സിപിഎം അടുപ്പത്തിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീരനുമായി വ്യാഴാഴ്‌ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടതുപാളയത്തിലേക്ക് വീരനും സംഘവും മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി സംസാരിച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് തോൽവിക്ക് ഉത്തരവാദികളായവർക്കെതിരെ കോൺഗ്രസ് നടപടിയെടുക്കാത്തതില്‍ ജെഡിയുവിന് അമര്‍ഷം രൂക്ഷമായിരിക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് കാലുവാരിയയെന്ന് വീരേന്ദ്രകുമാറും സംഘവും കേരളത്തിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് പറഞ്ഞത്. ജെഡിയു ഇടതുമുന്നണിയിലേക്ക് അടുക്കുന്നതിന്‍റ സൂചന വ്യക്തമായതോടെയാണ് മുഖ്യമന്ത്രി വീരേന്ദ്രകുമാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.