രാജന്‍ ബാബു യുഡിഎഫ് നിലപാട് അനുസരിച്ചല്ല പ്രവര്‍ത്തിച്ചത്: മുഖ്യമന്ത്രി

 രാജന്‍ ബാബു , യുഡിഎഫ് , വെള്ളാപ്പള്ളി നടേശന്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , സിപിഎം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 6 ജനുവരി 2016 (15:39 IST)

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജാമ്യം എടുക്കാൻ കോടതിയിലെത്തിയ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ ബാബുവിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. രാജന്‍ ബാബു യുഡിഎഫ് നിലപാട് അനുസരിച്ചല്ല പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ നിലപാട് ഒരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. പൊതു ജീവിതത്തില്‍ സ്വീകരിക്കേണ്ട അതിര്‍വരമ്പുകള്‍ അദ്ദേഹം ലംഘിച്ചു. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്തു ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മിന് മദ്യനയമുണ്ടോ. അവരുടെ ഇപ്പോഴത്തെ നിലപാടിൽ കള്ളക്കളിയുണ്ട്. മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുമാണ് സിപിഎം. സർക്കാർ മദ്യനയകാര്യത്തിൽ ഒത്തുകളിയുണ്ടെന്ന് ആരോപിച്ചവർക്ക് സുപ്രീംകോടതി വിധി വന്നപ്പോൾ മറുപടിയില്ലെന്നും ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, രാജന്‍ ബാബുവിനെതിരായ നടപടി ചർച്ച ചെയ്യാൻ ജെഎസ്എസിന്‍റെ നിർണായക നേതൃയോഗം ശനിയാഴ്ച ചേരും. എന്നാൽ, സംസ്ഥാന പ്രസിഡന്‍റ് കെകെ ഷാജുവും അനുകൂലികളും യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. യുഡിഎഫിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ഷാജു വിഭാഗം കത്ത് നൽകുമെന്നാണ് റിപ്പോർട്ട്. രാജന്‍ ബാബു എസ്എന്‍ഡിപിയുടെ ലീഗല്‍ അഡ്വൈസര്‍ സ്ഥാനം ഒഴിയണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നുമാണ് ഷാജു വിഭാഗത്തിന്‍റെ ആവശ്യം.

രാജൻ ബാബുവിനെതിരെ യുഡിഎഫ് നടപടി ആലോചിക്കുന്ന സാഹചര്യത്തിലാണ് ജെഎസ്എസിന്‍റെ നിർണായക നേതൃയോഗം ചേരുന്നത്. ജെഎസ്എസ് സംസ്ഥാന സെക്രട്ടറിയേറ്റും ജില്ലാ ഭാരവാഹികളുടെ യോഗവും അന്നേ ദിവസം ചേരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :