തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 20 ജൂലൈ 2016 (13:56 IST)
എൽഡിഎഫില്‍ തുടങ്ങി യുഡിഎഫില്‍ വരെ വിവാദങ്ങളുടെ അലയൊലി സൃഷ്‌ടിച്ച അഡ്വ.
എംകെ ദാമോദരൻ വിഷയം ഭാഗീഗമായെങ്കിലും അവസാനിച്ചു. എന്നാല്‍, അദ്ദേഹത്തെ അഡ്വക്കറ്റ് ജനറലാക്കാനാണ് സിപിഎമ്മില്‍ ആദ്യ ആലോചന നടന്നതെന്നാണ് റിപ്പോര്‍ട്ട്. തന്റെ കേസുകളുടെ ബാഹുല്യം ചൂണ്ടിക്കാട്ടി അദ്ദേഹം അതു നിരസിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രത്യേക നിയമോപദേഷ്ടാവ് എന്ന പദവി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു സര്‍ക്കാര്‍.
മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഉറ്റബന്ധം പുലർത്തുന്ന ദാമോദരനെ വീണ്ടും അഡ്വക്കറ്റ് ജനറലാക്കാന്‍ പാർട്ടി ആദ്യം ആലോചിച്ചിരുന്നു. തനിക്ക് നിരവധി കേസുകള്‍ കൈകാര്യം ചെയ്യാനുണ്ടെന്നും ഇപ്പോള്‍ തന്നെ ജോലി ഭാരമുണ്ടെന്നും ദാമോദരന്‍ വ്യക്തമാക്കിയതോടെ അദ്ദേഹത്തിനോടുള്ള അടുപ്പം കണക്കിലെടുത്ത്
പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്ക് നല്‍കി മുഖ്യമന്ത്രിയുടെ പ്രത്യേക നിയമോപദേഷ്ടാവ് എന്ന പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രത്യേക നിയമോപദേഷ്ടാവ് എന്ന പദവിയിലും എതിര്‍പ്പും താല്‍പ്പര്യമില്ലായ്‌മയും ദാമോദരനുണ്ടായിരുന്നു. എന്നാല്‍, കോടിയേരിയും പിണറായിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ ഈ പദവി ഏറ്റെടുക്കാതിരിക്കാനാകാത്ത അവസ്ഥ വന്നതിനാല്‍ ഉപാധികളൊന്നും വയ്‌ക്കാതെ നിയമോപദേഷ്ടാവ് പദവി ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
അതേസമയം, ദാമോദരന്‍ സർക്കാരിനെതിരായുള്ള കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തേക്കും എന്ന കാര്യം ആരും മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയില്ല. ഇതിനിടെ ലോട്ടറി രാജാവായ സാന്റിയാഗോ മാർട്ടിനു വേണ്ടിയും കശുവണ്ടി വികസന കോർപറേഷൻ അഴിമതിയാരോപണത്തിൽ വിജിലൻസ് കേസ് നേരിടുന്ന ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനു വേണ്ടിയും ക്വാറി ഉടമകൾക്കുവേണ്ടിയുമാണ് ദാമോദരൻ കോടതിയിൽ ഹാജരായത്. ഇതിൽ സാന്റിയാഗോ മാർട്ടിന്റെ കേസ് ഒഴികെ മറ്റുകേസുകളിൽ സർക്കാർ കക്ഷിയാണ്.
ഇതോടെ സര്‍ക്കാര്‍ വിവാദത്തിലാകുകയായിരുന്നു. പ്രതിപക്ഷം നേരിയ പ്രസ്‌താവനകളില്‍ മാത്രമായി എതിര്‍പ്പുകള്‍ ഒതുക്കിയപ്പോഴും കുറിപ്പ് വിവാദത്തില്‍ സമ്മര്‍ദ്ദത്തിലകപ്പെട്ട വിഎസ് അച്യുതാനന്ദനും മൌനത്തിലായതോടെ തീരുമാനം പിണറായിയില്‍ മാത്രമായി ഒതുങ്ങി. എന്നാല്‍, ഇങ്ങനെ മുന്നോട്ട് പോയാലുള്ള അപകടം മനസിലാക്കിയാണ് സര്‍ക്കാരിന്റെ അമ്പത്തിയാറാം നാളില്‍ ദാമോദരന്‍ കൂടെ കൂട്ടേണ്ട എന്ന തീരുമാനം സര്‍ക്കാര്‍ നാടകീയമായി സ്വീകരിച്ചത്.