സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 24 ഡിസംബര്‍ 2024 (14:14 IST)
ഒമാനില്‍ നിന്ന് കൊണ്ടുവന്ന അരക്കിലോ എംഡിഎംഎ ലഹരി മരുന്ന് മലയാള സിനിമ നടിമാര്‍ക്കെന്ന് പ്രതിയുടെ മൊഴി. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെയാണ് 510 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. കോഴിക്കോട് ബൈപ്പാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് പ്രതി പിടിയിലാകുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
അര കിലോയോളം വരുന്ന ലഹരി മരുന്ന് സിനിമാ നടിമാര്‍ക്ക് നല്‍കാനാണെന്നാണ് പ്രതി മൊഴി നല്‍കിയത്. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമാണ് പ്രതിയെ ചോദ്യം ചെയ്തത്. 2 സിനിമ നടിമാര്‍ ലഹരി മരുന്ന് കൈപ്പറ്റാന്‍ വരുമെന്നും അവര്‍ക്ക് നല്‍കാനാണ് താന്‍ അവിടെയെത്തിയതൊന്നും പ്രതി മൊഴി നല്‍കി.
അതേ സമയം നടിമാര്‍ ആരൊക്കെയാണെന്നുള്ള വിവരം പ്രതിക്ക് അറിയില്ലെന്നാണ് പോലീസ് പറയുന്നത്. ന്യൂ ഇയര്‍ പാര്‍ട്ടി ലക്ഷ്യം വെച്ച് ലഹരി മരുന്ന് കൊച്ചിയില്‍ എത്തിക്കാനായിരുന്നു ലക്ഷ്യം. ഒമാനില്‍ നിന്ന് പാല്‍പ്പൊടി പാക്കറ്റുകളിലാക്കി കരിപ്പൂര്‍ വിമാനത്താവളം വഴി ലഹരി മരുന്ന് കടത്തുകയായിരുന്നു. ലഹരി മരുന്ന് എത്തിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.