മകരവിളക്ക് ഇന്ന്, തീര്‍ത്ഥാടകരെക്കൊണ്ട് ശബരിമല തിങ്ങിനിറഞ്ഞു

മകരവിളക്ക്, ശബരിമല, തീര്‍ഥാടകര്‍
ശബരിമല| vishnu| Last Updated: ബുധന്‍, 14 ജനുവരി 2015 (09:14 IST)
സന്നിധാനത്ത് മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.മകരവിളക്ക് കണ്ട് തൊഴാന്‍ സന്നിധാനത്തും അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. മകരവിളക്ക് കാണാന്‍ കഴിയുന്ന എല്ലാസ്ഥലങ്ങളും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. പന്തളത്തുനിന്ന് തിങ്കളാഴ്ച
ഉച്ചയോടെ
പുറപ്പെട്ട തിരുവാഭരണഘോഷയാത്ര ഇന്ന്
വൈകുന്നേരം ശബരിമലയിലെത്തും. എരുമേലിയില്‍ പേട്ടകെട്ടിയെത്തുന്ന അയ്യപ്പഭക്തര്‍ പമ്പസദ്യയും പമ്പവിളക്കും കഴിഞ്ഞ്
മലകയറുകയാണ്.

ഇന്ന് രാവിലെ 11.45നാണ് ഉച്ചപൂജ. ഉച്ചയ്ക്ക് ഒന്നിനാണ് മകരസംക്രമപൂജ. 1.14ന് മകരസംക്രമാഭിഷേകത്തോടെ നട അടയ്ക്കും. കവടിയാര്‍ കൊട്ടാരത്തിലെ കന്നി അയ്യപ്പന്‍മാര്‍ നാളികേരത്തില്‍ നിറച്ചുകൊണ്ടുവരുന്ന നെയ്യാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. നടഅടച്ചശേഷംവൈകുന്നേരം അഞ്ച് മണിക്ക് നടതുറക്കും. 5.30ഓടെ തിരുവാഭരണ പേടകങ്ങള്‍ ശരംകുത്തിയിലെത്തും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുവാഭരണങ്ങള്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് എഴുന്നള്ളിക്കും. 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. ഇതേസമയമാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്. കാത്തുനില്‍ക്കുന്ന അയ്യപ്പഭക്തന്‍മാര്‍ പുണ്യജ്യോതിയുടെ ദര്‍ശനവും കഴിഞ്ഞ് രാത്രിയോടെ മലയിറങ്ങും. രാത്രി പത്തിനു നട അടയ്ക്കും.

മകരവിളക്ക് ദിവസം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകും. മകരവിളക്കിന് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും ശബരിമല സന്നിധാനത്ത് പൂര്‍ത്തിയായി തിരക്ക് കണക്കിലെടുത്ത് സന്നിധാനത്തും പമ്പയിലും കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു. മകരവിളക്ക് കാണുന്നതിന് വേണ്ടി തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന പുല്ല്‌മേട്ടില് 1500പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 4000 പൊലീസുകാര്‍ സന്നിധാനത്ത് സേവനം എടുക്കുന്നുണ്ട്. മാളികപ്പുറത്തേക്കുള്ള എഴുന്നള്ളത്ത് ബുധനാഴ്ച
രാത്രി മുതല്‍ ഉണ്ടാകും. ഗുരുതി ഉള്‍പ്പെടെയുള്ള ചടങ്ങുകളും പന്തളം രാജപ്രതിനിധിയുടെ ദര്‍ശനവും കഴിഞ്ഞ് 20-നു രാവിലെയാണ് നട അടയ്ക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :