തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (14:24 IST)
തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എത്രയും
പെട്ടെന്ന് നടത്തണമെന്നാണ് യു ഡി എഫ് ആഗ്രഹിക്കുന്നതെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍. യു ഡി എഫ് യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് എന്ന് നടത്താന്‍ പറ്റുമെന്നത് സംബന്ധിച്ചുള്ള ഷെഡ്യൂള്‍ അടുത്ത മാസം മൂന്നാം തിയതി കോടതിയില്‍ സമര്‍പ്പിക്കും. അതനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ എല്ലാ സഹായങ്ങളും നല്കും.
തെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കാന്‍ ആലോചന ഉണ്ടായിട്ടില്ല, അതിനു താല്പര്യവുമില്ല. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് യു ഡി എഫ് ആഗ്രഹിക്കുന്നതെന്നും രാഷ്‌ട്രീയമായി അനുകൂലമായ സാഹചര്യമാണ് യു ഡി എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ഒറ്റക്കെട്ടായി പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടും. ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എം പിമാരെയും എം എല്‍ എമാരെയും ഉള്‍പ്പെടെ എല്ലാ നേതാക്കളെയും പങ്കെടുപ്പിച്ച് 14 ജില്ലകളിലും യു ഡി എഫ് ജനറല്‍ ബോഡി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. യു ഡി എഫ് അടുത്ത
മാസം 22 ആം തിയതി ക്ലിഫ് ഹൌസില്‍ ഏകോപനസമിതി യോഗം ചേരും.
അതേസമയം, യു ഡി എഫ് യോഗത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കമ്മീഷന്‍ രാഷ്‌ട്രീയം കളിക്കുന്നെന്നും അതിനെ രാഷ്‌ട്രീയമായി നേരിടുമെന്നും യു ഡി എഫ് യോഗം തീരുമാനിച്ചു. യു ഡി എഫ് യോഗത്തില്‍ വാര്‍ഡ് വിഭജനത്തില്‍ ലീഗ് അതൃപ്‌തി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.