തെരഞ്ഞെടുപ്പ് നീട്ടി വെച്ചാല്‍ ശക്തമായ പ്രക്ഷോഭം നടത്തും: കോടിയേരി

 തദ്ദേശ തെരഞ്ഞെടുപ്പ് , കോടിയേരി ബാലകൃഷ്ണന്‍ , കോടതി , മന്ത്രിസഭാ യോഗം
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 25 ഓഗസ്റ്റ് 2015 (13:08 IST)
തദ്ദേശ തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കാനിരിക്കെ സര്‍ക്കാരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് നീട്ടിവച്ചാല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് അനുകൂലരായ ഉദ്യോഗസ്ഥരെ കൊണ്ടു ക്രമക്കേടു നടത്താനും നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. ഒരു മാസത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുക.
സാധാരണ നവംബർ ഒന്നിനാണ് തദ്ദേശ ഭരണസമിതികൾ നിലവിൽ വരുന്നത്. ഇത് ഡിസംബർ ഒന്നിലേക്ക് നീട്ടണമെന്നാണ് സർക്കാരിന്റെ ആവശ്യം. 8 പുതിയ മുന്‍സിപ്പാലിറ്റികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

മന്ത്രിസഭാ യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് നേരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മുസ്‌ലിം ലീഗ് മന്ത്രിമാരായിരുന്നു കൂടുതൽ വിമർശനം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടുകൾ സംശയങ്ങൾ ഉണർത്തുന്നതാണെന്നും ഇക്കാര്യത്തിൽ കമ്മിഷൻ അനാവശ്യ പിടിവാശി കാണിക്കുകയാണെന്നും മന്ത്രിമാർ വിമർശിച്ചു. ഈ സാഹചര്യത്തില്‍ ലീഗിന്റെ പിടിവാശിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ട് മടക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :