പാല|
JOYS JOY|
Last Modified ശനി, 7 നവംബര്‍ 2015 (13:13 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകമാനം യു ഡി എഫ് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ പാലായില്‍ ധനമന്ത്രി കെ എം മാണിക്ക് മിന്നുന്ന ജയം.
പാല നഗരസഭയില്‍ ആകെയുള്ള 26 സീറ്റില്‍ 20 സീറ്റിലും യു ഡി എഫ് വിജയിച്ചു. ഇതില്‍, 17 സീറ്റിലും വിജയിച്ചത് കേരള കോണ്‍ഗ്രസ് (എം) ആണ്.
പാല നഗരസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആര്‍ജ്ജിക്കുവാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞെന്ന് കെ എം മാണി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം പാലായിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാണി. ലഡുവുമായാണ് മാണി മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയത്.
ചരിത്രവിജയമാണ് ഇതെന്ന് മാണി പറഞ്ഞു. അഭിമാനത്തിന് വക നല്‌കുന്ന കാര്യമാണ്. പാലായിലെ വിജയം അത്യുജ്ജ്വലമായ വിജയമാണ്. ചിലയിടങ്ങളില്‍ പരാജയം ഉണ്ടായിട്ടുണ്ട്. എങ്കിലും, ബാര്‍കോഴ ബാധിച്ചിരുന്നെങ്കില്‍ പാലായില്‍ അല്ലായിരുന്നോ ബാധിക്കേണ്ടത് എന്ന് മാണി ചോദിച്ചു.
പാലായില്‍ വമ്പിച്ച ഭൂരിപക്ഷം നല്കി എന്നെ വിജയിപ്പിച്ചു. ഒരു ബാര്‍ കോഴയും ഇവിടെ ഏശുകയില്ല.
പാലായിലെ സമ്മതിദായകരോട് നന്ദിയുണ്ടെന്ന് പറഞ്ഞ മാണി കേരളത്തിലെ സമ്മതിദായകരോടും നന്ദിയുണ്ടെന്നും പറഞ്ഞു.