“മുഖ്യമന്ത്രിയാക്കാം, വരുന്നോ?“ മാണിയോട് കോടിയേരി

തിരുവനന്തപുരം| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (15:57 IST)
“മുഖ്യമന്ത്രിയാക്കാം, വരുന്നോ?“ കെ എം മാണിയോട് കോടിയേരിയുടെ ചോദ്യം. കരിങ്ങോഴയ്ക്കല്‍ മാണി മാണിയുടെ മറുപടി: “ മുന്നണി മാറ്റത്തിന് അനുകൂലമായ രാഷ്ട്രീയ പശ്ചാത്തലം ഒരുങ്ങേണ്ടതുണ്ട്. അതുവരെ സാവകാശം വേണം”. ഇത്തരമൊരു ചര്‍ച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ലീഡര്‍ കെഎം മാണിയുമായി നടത്തിക്കഴിഞ്ഞതായാണ് ഇടതുകേന്ദ്രങ്ങളില്‍‌നിന്നുള്ള റിപ്പോര്‍ട്ട്.

കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയിലെത്തിക്കുന്നതിന്റെ ഭാഗമായാ‍ണ് ഫോണിലൂടെ മാണിയുമായി കോടിയേരി ചര്‍ച്ച നടത്തിയത്. മാണിയെ മുഖ്യമന്ത്രിയാക്കുന്നതിന് തടസമില്ലെന്ന സന്ദേശം കോടിയേരി കൈമാറി. ഇടുക്കിയിലെ പട്ടയ പ്രശ്‌നം സജീവമാക്കിയെടുക്കാനാണ് കെ എം മാണിയുടെ നീക്കം. എന്നാല്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത കോടിയേരി ബാലകൃഷ്ണനും കെഎം മാണിയും നിഷേധിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നങ്കിലും കെഎം മാണി അവസാനനിമിഷം പിന്മാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജാ‍ണ് പഴയനീക്കം ജീവന്‍ വയ്പ്പിച്ചത്.

കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍ എന്നീ നേതാക്കളുമായി ആശയവിനിമയം നടത്തിയ പി സി ജോര്‍ജ് അതിന്റെ ഭാഗമായാണ് മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് മുന്നോട്ടുവെച്ചത്. ആദ്യ ഘട്ടത്തില്‍ ഇടത് നേതാക്കളുമായി നേരിട്ട് ആശയവിനിമയത്തിന് തയാറാകാതിരുന്ന കെഎം മാണി ഇതിന് സമാന്തരമായി പാര്‍ട്ടി എംഎല്‍എമാരും എംപിമാരുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് നടന്ന യോഗം ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഇടതുപക്ഷത്തേക്ക് ചേക്കേറുന്നത് സംബന്ധിച്ച് മാണിക്ക് എന്തു തീരുമാനവും കൈക്കൊള്ളാമെന്ന നിലപാടാണ് എം‌എല്‍‌എമാരും എം‌പിമാരും എടുത്തതെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :