കുതിരവട്ടത്തെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
എ കെ ജെ അയ്യര്|
Last Modified ശനി, 12 ഫെബ്രുവരി 2022 (12:57 IST)
കോഴിക്കോട്: കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. മഹാരാഷ്ട്രാ സ്വദേശിനി ജയറാം ജലോട്ടിനെ (30) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായും റിപ്പോർട്ടിലുണ്ട്. മൂക്ക്, ചെവി എന്നിവയിലൂടെയും രക്തം വാർന്നിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് തലശേരിയിൽ നിന്ന് പോലീസ് എത്തിച്ച യുവതിയെ വാഴാഴ്ച രാവിലെയാണ് സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടക്കാനുള്ള സ്ഥലത്തെ ചൊല്ലി തലേ ദിവസം രാത്രി സെല്ലിലെ മറ്റു രണ്ട് പേരും യുവതിയും തമ്മിൽ അടിപിടിയുണ്ടായിരുന്നു. തുടർന്ന് വാർഡർമാർ മറ്റു രണ്ടു പേരെയും വേറെ സെല്ലിലേക്ക് മാറ്റിയതാണ്.
സെല്ലിലെ തിണ്ണയിൽ കിടക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. കൊൽക്കത്ത സ്വദേശിനി അടക്കം മറ്റു രണ്ട് പേരും തമ്മിൽ ഇവർ തർക്കമാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പേരെയും മാറ്റിയ ശേഷം ജലോട്ടി അനങ്ങാതെ കിടന്നിരുന്നു. എന്നാൽ രാവിലെ നോക്കുമ്പോഴാണ് ഇവർ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ രാത്രി ഡ്യൂട്ടി ഡോക്ടർമാർക്ക് വീഴ്ചയുണ്ടായി എന്നാണ് ഇപ്പോൾ ആരോപണം.
തലശേരിക്കാരനായ മജീദ് എന്നയാളെ പ്രണയിച്ചു വിവാഹം ചെയ്തതായിരുന്നു ഇവർ. എന്നാൽ പിന്നീട് മജീദ് ഇവരെ ഉപേക്ഷിച്ചു. മജീദിനെ അന്വേഷിച്ചു എത്തിയ ഇവരുടെ സമനില തെറ്റിയ അവസ്ഥയിലായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന നാല് വയസുള്ള കുട്ടിയെ ഇവർ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്നാണ് പോലീസ് ഇവരെ കുതിരവട്ടത്ത് എത്തിച്ചത്.