25 രൂപയില്‍ കൂടിയ ടിക്കറ്റുകള്‍ക്ക് സെസ് ഈടാക്കാന്‍ കെ‌എസ്‌ആര്‍ടിസി

കൊച്ചി| VISHNU.NL| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (08:13 IST)
25 രൂപയ്ക്ക് മുകളില്‍ തുകയീടാക്കുന്ന ടിക്കറ്റുകളില്‍ സെസ് ഏര്‍പ്പെടുത്താന്‍ കെ‌എസ്‌ആര്‍ടിസി ശുപാര്‍ശ. കോര്‍പ്പറേഷനിലെ പെന്‍ഷന്‍‌ കാര്‍ക്കായുള്ള ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കെ‌എസ്‌ആര്‍ടിസി പുനരുധാരണ പാക്കേജിലാണ് ഈ നിര്‍ദ്ദേശമുള്ളത്. ഇതടക്കം ആറ് നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

വിരമിച്ചവര്‍ക്കു സൌജന്യ പാസ് നിര്‍ത്തലാക്കല്‍, പെന്‍ഷന്‍ ബാധ്യത കൂടുന്നതു പരിഹരിക്കാന്‍ 2004 മാര്‍ച്ചില്‍ എല്‍ഐസി മുന്നോട്ടുവച്ച പദ്ധതി, വായ്പാ അര്‍ഹത ഉറപ്പാക്കാന്‍ സ്വത്തുക്കളുടെ പുനര്‍മൂല്യനിര്‍ണയം, നിലവിലുള്ള വായ്പകള്‍ പൊതുമേഖലാ ബാങ്കുകളിലേയ്ക്കു മാറ്റി, കുറഞ്ഞ പലിശയുള്ള ദീര്‍ഘകാല വായ്പകളാക്കുക, സര്‍ക്കാരിനു നല്‍കാനുള്ള തുക ഓഹരിയാക്കി മാറ്റല്‍, നഷ്ടത്തിലുള്ള സര്‍വീസുകള്‍ പുനക്രമീകരിക്കുക തുടങ്ങിയവയാ‍ണ് നിര്‍ദ്ദേശങ്ങള്‍.

യാത്രാസൌകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ആധുനികവല്‍ക്കരണവും ഇതിലുള്‍പ്പെടുന്നു. കോര്‍പറേഷന്‍ ശുപാര്‍ശ ചെയ്ത പുനരുദ്ധാരണ പാക്കേജിന്റെ അടിസ്ഥാനത്തില്‍ 2014 ഫെബ്രുവരി ഒന്നിനു സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുപ്രകാരം സര്‍ക്കാരും കോര്‍പറേഷനും 1:1 അനുപാതത്തില്‍ പെന്‍ഷന്‍ ബാധ്യത പങ്കിടുമെന്നു വ്യക്തമാക്കിയിരുന്നു.

പെന്‍ഷന് 120 കോടി രൂപയും യാത്രാ കണ്‍സഷന്‍ ഇനത്തില്‍ 100 കോടിയും ചേര്‍ത്ത് 220 കോടി സര്‍ക്കാര്‍ നല്‍കുമെന്നു ധാരണയായി. സെസ് 150 കോടിയും പെന്‍ഷന്‍ ഫണ്ട് 70 കോടിയും ചേര്‍ത്ത് 220 കോടി കോര്‍പറേഷന്‍ സമാഹരിക്കുമെന്നും ധാരണയായി. എന്നാല്‍, ഇതുപ്രകാരം പകുതി ബാധ്യത ഏറ്റെടുക്കാനാവില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :