ഗണേഷ് മകനെപ്പോലെ; സിപിഎമ്മില്ലാതെ ജീവിതമില്ല: കെപിഎസി ലളിത

കെപിഎസി ലളിത , എം വിജയകുമാര്‍ , അരുവിക്കര തെരഞ്ഞെടുപ്പ് , വിഎസ് അച്യുതാനന്ദന്‍
അരുവിക്കര| jibin| Last Modified വെള്ളി, 19 ജൂണ്‍ 2015 (11:09 IST)
കെപിഎസിയും സിപിഎമ്മും ഇല്ലാതെ തനിക്കൊരു ജീവിതമില്ലെന്ന് നടി കെപിഎസി ലളിത. സിപിഐഎമ്മുമായി അഭേദ്യബന്ധമുള്ള കെപിഎസിയാണ് തന്റെ തറവാട്. അരുവിക്കരയില്‍ എം വിജയകുമാറിനെ നൂറില്‍ നൂറ്റൊന്നു മാര്‍ക്കും നല്‍കി ജയിപ്പിക്കണമെന്നും ലളിത ആഹ്വാനം ചെയ്തു. അരുവിക്കരയില്‍ എം വിജയകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു താരം.

ഒരു ചടങ്ങിവെച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സഖാവ് എന്ന് വിളിച്ചത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. എന്നും സഖാവായി അറിയപ്പെടാനും സഖാവ് കെപിഎസി ലളിത എന്ന വിളി കേള്‍ക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലളിത വ്യക്തമാക്കി. ന്റെ ഓര്‍മയിലുള്ള കാലമത്രയും അച്ഛന്‍ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. പിന്നീട് കെപിഎസിയിലെത്തി. എല്ലാക്കാലവും പാര്‍ട്ടിയുമായി അടുത്തബന്ധമായിരുന്നു ഉള്ളതെന്നും താരം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത് ചങ്കുപൊട്ടിയിട്ടാണ്. ചലച്ചിത്ര താരം എന്ന നിലയിലാണ് ഗണേഷിന്റെ പ്രചാരണത്തിന് പോയത്. ഗണേഷ് തനിക്കു മകനെപ്പോലെയാണ്. അതുകൊണ്ടാണ് ജീവിതം പാര്‍ട്ടിയായിട്ടും ഏറെ വിഷമത്തോടെ ഗണേഷിനായി പ്രചാരണത്തിന് പോകേണ്ടിവന്നത്. അതേ, ഗണേഷ് ഏറെക്കഴിയും മുമ്പ് യാഥാര്‍ഥ്യം മനസിലാക്കി ഇടതുപക്ഷത്തേക്കു വന്നു. താന്‍ അതില്‍ ഏറെ സന്തോഷവതിയാണെന്നും ലളിത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :