അഭിറാം മനോഹർ|
Last Modified വ്യാഴം, 13 മാര്‍ച്ച് 2025 (13:32 IST)
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കി നഗ്‌നചിത്രം പകര്‍ത്തി കവര്‍ച്ച നടത്തിയ കേസില്‍ 2 പേര്‍ അറസ്റ്റില്‍. മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമുന(44), കുറ്റിപ്പുറം പാറക്കാല്‍ എസ് ശ്രീജേഷ്(24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിചള്ളയിലെ വീട് കേന്ദ്രീകരിച്ചാണ് പ്രതികള്‍ ജോത്സ്യനെ വിളിച്ചുവരുത്തി കവര്‍ച്ച നടത്തിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്.
സംഭവത്തെ പറ്റി പോലീസിന്റെ വിശദീകരണം ഇങ്ങനെ. ചൊവ്വാഴ്ച വൈകുന്നേരം മൈമുനയും മറ്റൊരു യുവാവും ചേര്‍ന്ന് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാണമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് ബുധനാഴ്ച 11 മണിയോടെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജ്യോത്സ്യനെ 2 യുവാക്കള്‍ ചേര്‍ന്ന് കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് കൊണ്ടുപോയി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എന്‍ പ്രതീഷിന്റെ(37) വീട്ടിലേക്കാണ് ജോത്സ്യനെ കൊണ്ടുപോയത്.
ഇവിടെവെച്ച് ജ്യോത്സ്യനെ മുറിയിലേക്ക് കൊണ്ടുപോവുകയും മര്‍ദ്ദിച്ച് വിവസ്ത്രനാക്കുകയും മൈമുനയ്‌ക്കൊപ്പം ചേര്‍ത്ത് ഫോട്ടോ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ജ്യോത്സ്യന്റെ കൈവശമുണ്ടായിരുന്ന നാലര പവന്‍ വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും 2000 രൂപയും കൈക്കലാക്കി. 20 ലക്ഷം തന്നില്ലെങ്കില്‍ സാമൂഹികമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുമെന്നായിരുന്നു ഭീഷണി. ഇതിന് ശേഷം സമീപ പ്രദേശത്ത് യാദൃശ്ചികമായി പോലീസെത്തിയതോടെ ഹണിട്രാപ്പ് സംഘം ഓടുകയും ജ്യോത്സ്യന്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഓട്ടത്തിനിടയില്‍ സ്ത്രീകളില്‍ ഒരാള്‍ മദ്യലഹരിയില്‍ റോഡില്‍ വീണുകിടക്കുന്നത് കണ്ട നാട്ടുകാര്‍ കാര്യം തിരക്കിയതോടെ മദ്യലഹരിയിലായിരുന്ന സ്ത്രീ നാട്ടുകാരെ അസഭ്യം പറയുകയും നാട്ടുകാര്‍ പോലീസിനെ വിളിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് പോലീസെത്തിയതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്.