കൊച്ചി|
VISHNU N L|
Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (15:17 IST)
മെട്രൊ റെയിലിനായി ശീമാട്ടിയുടെ ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍), ജില്ലാ ഭരണകൂടവും തുറന്ന പോരിലേക്കെന്ന് സുചന. ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാനുണ്ടായ കാലതാമസത്തിനു കാരണത്തില്‍ പഴിചാരി ജില്ലാ ഭരണകൂടവും കെഎംആര്‍എല്ലും പരസ്പര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
ശീമാട്ടിയുടെ കാര്യത്തില്‍ ജില്ലാ ഭരണകൂടം കാണിക്കുന്ന ഉദാരസമീപനത്തെ തങ്ങള്‍ കുറ്റപ്പെടുത്തിയതിനു ശേഷമാണു കളക്ടര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിക്കു തയാറായതെന്നും, ആന്ധ്രയിലെ അല്‍സ്റ്റോം ഫാക്റ്ററിയില്‍ നിന്നു കോച്ചുകള്‍ കൊച്ചിയില്‍ എത്തിയാലും അവ ഓടിക്കാന്‍ വേണ്ട സൗകര്യം ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിനു കഴിയുമോ എന്നും ജില്ലാ ഭരണകൂടം സ്ഥലം ഏറ്റെടുക്കല്‍ വൈകിച്ചതാണു മെട്രൊയുടെ പണികള്‍ ഇഴഞ്ഞുനീങ്ങാന്‍ കാരണമായതെന്നുമാണ് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ആരോപിച്ചത്.
ഇതോടെ പരസ്യ പ്രതികരണവുമായി ജില്ലാകലക്ടര്‍ രാജമാണിക്യം രംഗത്ത് വരികയായിരുന്നു. ശീമാട്ടിയോട് ധാരണാ ശ്രമവുമായി മുന്നോട്ടു പോയി സമയം പാഴാക്കിയത് കെഎംആര്‍എല്ലാണ്, ഇതില്‍ ജില്ലാ ഭരണകൂടത്തിനു വീഴ്ചയുണ്ടായിട്ടില്ല. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്റ്റര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു
ശീമാട്ടിയോട് ധാരണാ ശ്രമവുമായി മുന്നോട്ടു പോയി സമയം പാഴാക്കിയത് കെഎംആര്‍എല്ലാണ്. ഇതുമൂലമുണ്ടായ കാലതാമസം ജില്ലാ ഭരണകൂടത്തിന്‍റെ വീഴ്ചയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കളമശേരിയില്‍ അപ്പോളോയുടെ സ്ഥലം എറ്റെടുക്കുന്ന കാര്യത്തില്‍ പരസ്പരം എറ്റുമുട്ടിയതിനു പിന്നാലെയാണു ശീമാട്ടിയുടെ ഭൂമി എറ്റെടുത്ത വിഷയത്തിലും കെഎംആര്‍എല്ലും ജില്ലാ ഭരണകൂടവും തമ്മില്‍ തുറന്ന പോരാട്ടം ആരംഭിച്ചിരിക്കുന്നത്.