മണിയുടെ മരണം: പ്രാഥമിക പരിശോധന – രാസപരിശോധന റിപ്പോർട്ടുകൾ തമ്മില്‍ വൈരുധ്യം കണ്ടെത്തി

മരണകാരണമായി കെമിക്കല്‍ ലാബ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന കീടനാശിനിയുടെ സാന്നിധ്യം ആശുപത്രിയില്‍ ആദ്യം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.

കൊച്ചി, കലാഭവന്‍ മണി, മരണം, പൊലീസ് kochi, kalabhavan mani, death, police
കൊച്ചി| Sajith| Last Modified ശനി, 19 മാര്‍ച്ച് 2016 (09:41 IST)
കലാഭവന്‍ മണിയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടും കെമിക്കല്‍ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യം. മരണകാരണമായി കെമിക്കല്‍ ലാബ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന കീടനാശിനിയുടെ സാന്നിധ്യം ആശുപത്രിയില്‍ ആദ്യം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.

മണിയുടെ ശരീരത്തില്‍ മെഥനോളിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരം. രണ്ട് ദിവസത്തിന് ശേഷം നല്‍കിയ ടോക്സിക്കോളജി റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. വിഷമദ്യത്തിലെ പ്രധാന ഘടകമായ മെഥനോളിന് പുറമെ ബെന്‍സോഡയസപാം, കനാബിസ്, ഓപിയോയിഡ്സ് തുടങ്ങിയ രാസവസ്തുക്കളും മണിയുടെ ശരീരത്തില്‍ ഉണ്ടെന്നാണ് ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശം. അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ ശേഖരിച്ച രക്തം, മൂത്രം അടക്കം സാംപിളുകളില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. എന്നാല്‍ ഇവ സ്ഥിരീകരിക്കാന്‍ കൂടുതല്‍ കൃത്യമായ പരിശോധന വേണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം തന്നെ ഈ റിപ്പോര്‍ട്ടില്‍ ഒരിടത്തു പോലും പരാമര്‍ശിക്കാത്ത ഒന്നാണ് സര്‍ക്കാര്‍ ലാബിലെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്ന ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി. സര്‍ക്കാര്‍ ലാബിലെ പരിശോധനയ്ക്കാണ് കൂടുതല്‍ കൃത്യത ഉണ്ടാകുകയെന്നും അതുകൊണ്ട് തന്നെ ആദ്യ പരിശോധനയില്‍ കീടനാശിനി കണ്ടെത്താത്തത് കണക്കിലെടുക്കേണ്ടതില്ല എന്നുമാണ് പൊലീസ് പറയുന്നത്.
തീരെ ചെറിയ അളവുകളില്‍ മാത്രമുണ്ടായിരുന്ന മറ്റ് രാസവസ്തുക്കള്‍ പോലും കണ്ടെത്തിയിട്ടും മരണകാരണമായെന്ന് ഇപ്പോള്‍ സംശയിക്കുന്ന പ്രധാന രാസവസ്തു കണ്ടെത്താത്തത് അസ്വാഭാവികമാണെന്നാണ് സൂചന.

അതേസമയം മരണകാരണമായ കീടനാശിനി തുടക്കത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിനുള്ള ചികില്‍സയും മണിക്ക് നല്‍കിയിട്ടില്ലെന്ന് വ്യക്തമാണ്‍. അതുകൊണ്ട് തന്നെ കീടനാശിനിയാണ് മരണകാരണമെന്ന കണ്ടെത്തല്‍ ആദ്യം ചികില്‍സിച്ചവര്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. മെഥനോള്‍ അല്ലാതെ അപകടകരമായ തോതില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല എന്ന വിശദീകരണത്തില്‍ അവര്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യത. ഈ ഒരു ആശയക്കുഴപ്പം പരിഹരിക്കുന്നതിനു വേണ്ടിയാണ് ആദ്യ സാംപിളുകള്‍ ആശുപത്രിയില്‍ നിന്ന് വാങ്ങി സര്‍ക്കാര്‍ ലാബിൽ പരിശോധിപ്പിക്കാന്‍ പൊലീസ് തയ്യാറാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :