ഗൂഡാലോചന നടന്നിട്ടുണ്ട്; പാലായിലെ ജനങ്ങള്‍ ആഗ്രഹിച്ചാല്‍ ഇനിയും മത്സരിക്കുമെന്നും മാണി

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 11 നവം‌ബര്‍ 2015 (19:33 IST)
തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ട്. ഗൂഡാലോചന എന്താണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും കുറേ നാളുകളായി ഇത് തനിക്കെതിരെ ഉള്ളതാണെന്നും പറഞ്ഞ അദ്ദേഹം തന്റെ രക്തത്തിനായി ആഗ്രഹിക്കുന്ന നിരവധിയാളുകള്‍ ഉണ്ടെന്നും പറഞ്ഞു. ആഗ്രഹിച്ച രീതിയിലുള്ള പിന്തുണ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് യു ഡി എഫില്‍ നിന്ന് ഇതില്‍ കൂടുതല്‍ പിന്തുണ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം.

സഹപ്രവര്‍ത്തകരായ മന്ത്രിമാരെ കുറ്റപ്പെടുത്താന്‍ ആഗ്രഹമില്ല. തനിക്ക് നീതി ലഭിച്ചിട്ടില്ല. തന്റെ രാജി ഒരാളും ആ‍വശ്യപ്പെട്ടിട്ടില്ല, സ്വന്തം ഇഷ്‌ടപ്രകാരമാണ് രാജി വെച്ചത്. രാജിവെച്ചത് തന്റെ മാന്യതയാണെന്ന് കരുതിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. പി ജെ ജോസഫിന്റെ രാജി ആവശ്യപ്പെട്ടില്ലെന്നും, ഉണ്ണിയാടന്‍ തന്നോടുള്ള സ്നേഹത്തിന്റെ തീവ്രത കൊണ്ട് രാജി വെക്കുകയായിരുന്നെന്നും മാണി വ്യക്തമാക്കി.

ഗൂഡാലോചനയ്ക്കു പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണോ എന്ന ചോദ്യത്തിന്, അല്ലെന്നും അദ്ദേഹം എല്ലാ സഹപ്രവര്‍ത്തകരോടും സമഭാവനയുള്ള ആളാണെന്നുമായിരുന്നു മറുപടി. അമ്പതുവര്‍ഷത്തെ കാലയളവില്‍ ഏറ്റവും കയ്‌പുള്ള സംഭവം ഇതല്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. താന്‍ രാജി വെച്ചപ്പോള്‍ വകുപ്പ് മുഖ്യമന്ത്രിയെ ഏല്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരോപണവിധേയനായ മന്ത്രി സ്ഥാനത്തിരുന്നാല്‍ സ്വതന്ത്രമായ അന്വേഷണം നടത്താന്‍ കഴിയില്ല അതുകൊണ്ടാണ് ഇത്തരമൊരു പരാമര്‍ശം വന്നതെന്നായിരുന്നു മറുപടി.

തെരഞ്ഞെടുപ്പില്‍ ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിന് ആരോഗ്യം ഉണ്ടായിരിക്കുകയും പാലായിലെ ജനങ്ങള്‍ ആഗ്രഹിക്കുകയും ചെയ്താല്‍ മത്സരിക്കുമെന്നായിരുന്നു മറുപടി. എന്നാല്‍, മത്സരരംഗത്തു നിന്ന് മാറി നില്‍ക്കാന്‍ വിഷമമില്ല. എപ്പോഴും എം എല്‍ എയും മന്ത്രിയും ആയിരിക്കാന്‍ ആഗ്രഹമില്ല. പാല നിവാസികളോട് നന്ദിയുണ്ടെന്നും തുടര്‍ന്നും അവരുടെ പരിലാളനയും സഹകരണവും പ്രതീക്ഷിക്കുന്നെന്നും മാണി പറഞ്ഞു. ജി എസ് ടി ചെയര്‍മാന്‍ സ്ഥാനം മാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :