ആർജവമുണ്ടെങ്കിൽ തന്നെ പുറത്താക്കണം, മാണിയെ വെല്ലുവിളിച്ച് ജോര്‍ജ്

കെ എം മാണി , കേരളാ കോണ്‍ഗ്രസ് , പിസി ജോര്‍ജ് , ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 15 ജൂലൈ 2015 (09:41 IST)
കേരളാ കോണ്‍ഗ്രസ് എമ്മിനെയും കെ എം മാണിയേയും വെല്ലുവിളിച്ച് പിസി ജോര്‍ജ് രംഗത്ത്.
ആർജവമുണ്ടെങ്കിൽ തന്നെ പുറത്താക്കണം. സ്പീക്കർക്ക് കത്തു നൽകാൻ മാണിയെ വെല്ലുവിളിക്കുന്നു. കത്തു കൊടുത്താൽ ജനപ്രാതിനിധ്യ നിയമം എന്താണെന്നു പഠിപ്പിക്കുമെന്നും ജോർജ് പറഞ്ഞു.

പിസി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുവാന്‍ കേരളാ കോണ്‍ഗ്രസ്-എം ചെവ്വാഴ്‌ച തീരുമാനിച്ചിരുന്നു. ധനമന്ത്രി കെഎം മാണിയുടെ വസതിയിൽ ചേർന്ന ഉന്നതാധികാരസമിതിയുടേതാണ് തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കർക്ക് ഹർജി നല്‍കാനും. ഇതിനായി സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു.

പിസി ജോര്‍ജിന്റെ അച്ചടക്ക ലംഘനത്തെ കുറിച്ചു പഠിക്കുവാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗ ഉപസമിതി നേരത്തെ തന്നെ ജോര്‍ജിനെ അയോഗ്യനാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ഉപസമിതിയുടെ റിപ്പോര്‍ട്ട് പാര്‍ട്ടി ഉന്നതാധികാര സമിതി അംഗീകരിക്കുകയായിരുന്നു. തോമസ് ഉണ്ണിയാടൻ ചെയർമാനും ജോയി എബ്രഹാം എം.പി, ആന്റണി രാജു എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ. കെഎം മാണിയുടെ വസതിയിലാണ് ഉന്നതാധികാര സമിതിയുടെ യോഗം ചേര്‍ന്നത്. വ്യാഴാഴ്ച ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സമിതിയുടെ തീരുമാനം റിപ്പോര്‍ട്ട് ചെയ്യും.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിന് ശക്തിതെളിയിക്കാന്‍ കഴിയാതിരുന്നത്, അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തേകിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി, പാര്‍ട്ടി ചെയര്‍മാനെ പതിവായി പരസ്യമായി ആക്ഷേപിച്ചു, ഉപതെരഞ്ഞെടുപ്പ് നടന്ന അരുവിക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചു, സമാന്തരമായി പാര്‍ട്ടി രൂപികരിക്കാന്‍ ശ്രമിച്ചു, അഴിമതി വിരുദ്ധ മുന്നണിയെന്ന പേരില്‍ പാര്‍ട്ടി രൂപികരിച്ചു, യുഡുഎഫിനേയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയേയും ആക്ഷേപിച്ചു എന്നീ കണ്ടെത്തെലുകളാണ് ഉപസമിതി ജോര്‍ജിനെതിരെയുള്ള തെളിവുകളായി കണ്ടെത്തിയത്. തുടര്‍ന്ന് ചീഫ് വിപ്പ് സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :