ഷാനുവിനും സംഘത്തിനും അറിയാമായിരുന്നു കെവിൻ മരിക്കുമെന്ന്, അവർ കെവിനെ മരണത്തിലേക്ക് ഓടിച്ചുവിട്ടു: പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ

കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തി കൊന്നെന്ന് റിമാൻഡ് റിപ്പോർട്ട്

അപർണ| Last Modified വെള്ളി, 1 ജൂണ്‍ 2018 (08:29 IST)
പ്രണയവിവാഹത്തിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ കെവിനെ പ്രതികൾ ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കെവിന്റെ മരണത്തിനു നീനുവിന്റെ സഹോദരൻ ഷാനു, പിതാവ് ചാക്കോ എന്നിവർ ഉത്തരവാദികളാണെന്ന് ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, അപായപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ച് കയറൽ, മർദനം, വീട്ടിൽ നാശനഷ്ടംവരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചാർത്തിയിരിക്കുന്നത്.

കെവിനെ കൊലപ്പെടുത്തണം എന്നത് തന്നെയായിരുന്നു ഷാനുവിന്റേയും സംഘത്തിന്റേയും ഉദ്ദേശമെന്നും റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിൽ നിന്നും പേടിച്ചിറങ്ങിയോടിയ ചാലിയേക്കര ആറ്റിൽ വീണ് മരിക്കുമെന്ന് പ്രതികൾക്കറിയാമായിരുന്നു. അറിഞ്ഞിട്ടും അവർ കെവിനെ പിടിച്ചുനിർത്താതെ മരണത്തിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

കെവിൻ ഓടുന്നതു വലിയ കുഴിയും അതിന്റെ അപ്പുറം നല്ല ഒഴുക്കും ആഴവുമുള്ള ചാലിയേക്കര ആറും ഉള്ള സ്ഥലത്തേക്കാണെന്നു ഗുണ്ടാസംഘത്തിന് അറിയാമായിരുന്നു. പ്രാണരക്ഷാർഥം ഓടിയ കെവിൻ പുഴയിൽ വീഴുമെന്നും മരിക്കുമെന്നും അറിഞ്ഞുകൊണ്ടാണ് പ്രതികൾ പിന്മാറിയതെന്ന് പൊലീസ് പറയുന്നു.

നീനുവിനെ വിവാഹം കഴിക്കാനുള്ള കെവിന്റ ശ്രമം തടയുന്നതിനാണ് ഒന്നാം പ്രതി സാനുവും അഞ്ചാം പ്രതി ചാക്കോയും കെവിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. കെവിനെ മർദ്ദിച്ച് അവശനാക്കി നീനുവിനെ കൊണ്ടുപോകാനായിരുന്നു ഷാനുവും കൂട്ടരും പ്ലാൻ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :