ദയാബായിയെ ബസിൽ നിന്ന് ഇറക്കിവിട്ടവർക്കെതിരെ ഇന്ന് നടപടി

  കേരളം, ദായാബായി, സാമൂഹ്യപ്രവർത്തക
ആലുവ| jo| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (08:23 IST)
പ്രശസ്ത സാമൂഹ്യപ്രവർത്തകയായ ദയാബായിയെ കെ എസ് ആർ ടി സി ബസിൽ നിന്ന് ഇറക്കി വിട്ടു. കഴിഞ്ഞദിവസം തൃശൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിനു ശേഷം ആലുവയിലേക്ക് പോകുന്ന വഴിക്കായിരുന്നു ദയാബായിക്ക് ഈ ദുരനുഭവം ഉണ്ടായ. തനിക്ക് ഇറങ്ങാനുള്ള സ്ഥലം എത്തിയൊ എന്ന് അന്വേഷിച്ച ദയാബായിയെ ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് അപമാനിച്ച് ഇറക്കി വിടുകയായിരുന്നു.

അതേസമയം, സംഭവത്തിന് ഉത്തരവാദികളായ ഡ്രൈവറെയും കണ്ടക്‌ടറെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും. ദയാബായിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നതായി ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദാന്വേഷണം നടത്തി എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്‌ടറും പറഞ്ഞു.

ആലുവയില്‍ തനിക്കിറങ്ങേണ്ട സ്‌റ്റോപ് എത്തിയോ എന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ ''നിനക്കു ഞാനല്ലേടീ ടിക്കറ്റ് തന്നത്'' എന്നു ചോദിച്ചായിരുന്നു 75വയസ്സുള്ള ദയാബായിയോട് കണ്ടക്ടര്‍ തട്ടിക്കയറിയത്. പിന്നീട് വാതിലിനടുത്തേക്കു നീങ്ങിയ അവരെ ''അതവിടെ നില്ക്കട്ടെ'' എന്നു പറഞ്ഞ് പരിഹസിക്കുകയായിരുന്നു.

എന്നാൽ, തന്നെ അത്, ഇത് എന്നൊന്നും വിളിക്കരുതെന്നും മനുഷ്യരോടു പെരുമാറുന്ന മാന്യതയോടെ സംസാരിക്കൂവെന്നും പറഞ്ഞ അവരുടെ മറുപടിയില്‍ രോഷംകൊണ്ട് ''ഇറങ്ങെടീ മൂധേവി. വയസ്സ് കണക്കാക്കിയാണ്... അല്ലെങ്കില്‍ ഞാന്‍...'' എന്നിങ്ങനെ ഉറക്കെ ആക്ഷേപിച്ചു കൊണ്ടാണ് ബസിൽ നിന്ന് ഇറക്കി വിട്ടത്.

നിയമബിരുദം കരസ്ഥമാക്കിയതിനു ശേഷം മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിൽ നിന്ന് എം എസ് ഡബ്ല്യു പഠിച്ചിറങ്ങിയ വ്യക്തിയാണ് ദയാബായി എന്ന മേഴ്‌സി മാത്യു. കന്യാസ്ത്രീ ആകുന്നതിന് പോയ മേഴ്സി മാത്യു തന്റെ ഇടം പാവപ്പെട്ടവർക്ക് ഇടയിലാണെന്ന് മനസ്സിലാക്കി മഠത്തിൽ നിന്ന് സാമൂഹ്യസേവനത്തിനായി പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :