ഇത് കേരളത്തോടുള്ള അവഹേളനമാണ്; മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (13:46 IST)
സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്‌ഛാദന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രിയെ വിലക്കിയത് കേരളത്തോടുള്ള അവഹേളനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

ആർ ശങ്കറിനെ പോലെയുള്ള ഒരു നേതാവിന്റെ പേരിലുള്ള പരിപാടി സംഘ പരിവാറിന്റെ പരിപാടിയാക്കാൻ നടത്തിയ ശ്രമങ്ങൾക്ക് എതിരെ ഉയർന്ന ശക്തമായ പ്രതികരണങ്ങളിൽ തനിക്ക് സന്തോഷമുണ്ടെന്ന് പോസ്റ്റില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

എല്ലാവർക്കും പങ്കെടുക്കുവാൻ കഴിയുന്ന രീതിയിൽ പ്രതിമ അനാച്‌ഛാദനം നടത്തുന്നതായിരുന്നു അദ്ദേഹത്തിനോടുള്ള ഏറ്റവും വലിയ ആദരവ്. അദ്ദേഹത്തിന്റെ ആത്മാവിന് പോലും പൊറുക്കാൻ കഴിയാത്ത, അദ്ദേഹത്തിന്റെ ഓർമ്മകളെ പോലും അധിക്ഷേപിക്കുന്ന നടപടികള്‍ക്ക് എതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു. മതേതര കേരളത്തിന്റെ മഹത്വത്തെയോർത്തു ഞാൻ അഭിമാനിക്കുന്നു.

എന്നാല്‍, പ്രധാനമന്ത്രിയെ ഇന്ന് താന്‍ വിമാനത്താവളത്തില്‍ പോയി സ്വീകരിക്കുമെന്നും നാളെ അദ്ദേഹത്തെ യാത്രയയ്ക്കാന്‍ വിമാനത്തവളത്തില്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്;

“വിവാദങ്ങളിൽ നിന്ന് എന്നും അകന്നു നില്ക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്‌. പക്ഷെ വിവാദങ്ങൾ ഒരിക്കലും ഉദ്ദേശിക്കാത്ത വിധത്തിൽ എപ്പോഴും എന്റെ പിന്നാലെയുണ്ട്. ഏറ്റവും ഒടുവിൽ ഞാൻ ഏറ്റവുമധികം ബഹുമാനിക്കുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ആർ. ശങ്കറിന്റെ പ്രതിമ അനാച്ഛാദന പരിപാടി ഉദ്ദേശിക്കാത്ത വിവാദങ്ങളിൽ എത്തിയത് കൊണ്ടാണ് എന്റെ ദുഃഖം ഞാൻ നിങ്ങളോട് പങ്കു വെയ്ക്കുന്നത്.
മരിക്കുന്നത് വരെ ശ്രീ. ആർ. ശങ്കർ അടിയുറച്ച കോണ്‍ഗ്രെസുകാരൻ ആയിരുന്നു. കോൺഗ്രസ്സിന്റെ തലമുതിർന്ന നേതാവ് കെ. പി. സി. സി പ്രസിഡന്റ്‌ ആയി നിർണ്ണായക ഘട്ടങ്ങളിൽ പാർട്ടിയെ നയിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസ്സിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യ്ത നേതാവായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പ്രഗത്ഭനായ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം നമ്മുടെ നാടിൻറെ അഭിമാനം ആണ്. അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദന പരിപാടിയിൽ പങ്കെടുക്കുവാനുള്ള അവസരം ഒരു ഭാഗ്യമായി ഞാൻ കണ്ടിരുന്നു. ക്ഷണിച്ചവർ തന്നെ വരണ്ട എന്ന് പറഞ്ഞപ്പോൾ ദുഃഖം തോന്നി. ഇതെന്റെ വ്യക്തിപരമായ കാര്യമല്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങിൽ കേരളത്തിന്റെ മുഖ്യമന്ത്രിയെ ക്ഷണിച്ചതിനു ശേഷം പിന്നീട് പങ്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത് കേരളത്തിലെ മുഴുവൻ ജനങ്ങളെയും വേദനിപ്പിക്കുന്ന അനുഭവമാണ്‌. ഇത് കേരളത്തോടുള്ള അവഹേളനമാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്യമായി കേരളത്തിലെത്തുമ്പോൾ ആദ്യത്തെ പൊതു പരിപാടി എന്ന നിലയിലും കോൺഗ്രസ് നേതാവ് കൂടിയായ മുൻ മുഖ്യമന്ത്രിയുടെ പ്രതിമ അനാച്ഛാദന പരിപാടി എന്ന നിലയിലും പ്രോട്ടോകോൾ വ്യവസ്ഥകളും, സാമാന്യ മര്യാദയും അനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആ ചടങ്ങിൽ പങ്കെടുക്കേണ്ടതാണ്. ഇത് ബി ജെ പി യുടെ പാർട്ടി പരിപാടി ആണെങ്കിൽ ആർക്കും പരാതി ഉണ്ടാവില്ല. ജീവിതത്തിൽ ഒരു നിമിഷം പോലും ജനസംഘത്തിന്റെ നയങ്ങളോടും, ആശയത്തോടും, തത്വ സംഹിതയോടും യോജിക്കാത്ത നേതാവായിരുന്നു ശ്രീ ആർ. ശങ്കർ.

ശ്രീ നാരായണ ഗുരുദേവന്റെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ നേതൃത്വം നല്കിയ മഹാനായ വ്യക്തിത്വം. ശ്രീ നാരായണ ധർമ്മം പരിപാലിക്കുന്നതിൽ ഒരു വിട്ടു വീഴ്ചയും ഇല്ലാതെ എസ്. എൻ. ഡി. പിക്കും എസ്. എൻ ട്രസ്റ്റിനും നേതൃത്വം നല്കിയ സമുന്നതനായ നേതാവായിരുന്നു ശ്രീ ആർ. ശങ്കർ. മഹാനായ ആ നേതാവിന്റ്റെ പ്രതിമ അനാച്ഛാദന പരിപാടി എങ്ങനെ ബി. ജെ. പി പരിപാടിയാകും?

ശ്രീ നാരായണ ഗുരുദേവന്റെ തത്വങ്ങൾ പ്രാവർത്തികമാക്കാനും സാമൂഹ്യ നീതി നടപ്പിലാക്കാനും വേണ്ടി സ്ഥാപിതമായ എസ്. എൻ. ഡി. പി യോഗത്തെ ബി. ജെ. പിയുടേയും ആർ. എസ്. എസ്സിന്റെയും പോഷക സംഘടനയാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പ്രബുദ്ധരായ ശ്രീ നാരായണീയരും, കേരളീയരും അത് അംഗീകരിക്കുമോ? അത്തരത്തിലുള്ള ഒരു നീക്കം ഉണ്ടെന്നു ഒരു സംശയം ഉയർന്നപ്പോൾ കക്ഷി രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ കേരളം ഒറ്റക്കെട്ടായി നില കൊണ്ടത്‌ വര്ഗീയ ശക്തികൾക്ക് ഒരു മുന്നറിയിപ്പാണ്. പ്രബുദ്ധ കേരളത്തിനു അപമാനകരമായ ഇത്തരം സംഭവങ്ങൾ തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരളം ഒറ്റ കെട്ടായി നിലകൊള്ളുക തന്നെ ചെയ്യും.

ഈ വിവാദങ്ങൾക്ക് ഇടയിലും കേരളത്തിലെ പ്രഥമ സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രിയെ കേരളത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിക്കുന്ന വിധത്തിൽ തന്നെ സ്വീകരിക്കും. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ആദരിക്കുന്നത് ജനാധിപത്യത്തിന്റെ മൂല്യങ്ങളോടുള്ള നമ്മുടെ കടപ്പാട് വ്യക്തമാക്കലാണ്.

ഞാൻ ഇന്ന് എറണാകുളത്തു പോയി പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കും. മന്തി ശ്രീ കെ പി മോഹനൻ മിനിസ്റെർ ഇൻ വെയിട്ടിംഗ് ആയി രണ്ടു ദിവസം കൂടി ഉണ്ടായിരിക്കും. നാളെ തിരുവനന്തപുരത്ത് അദ്ദേഹത്തെ യാത്രയാക്കാൻ മന്ത്രിമാരോടൊപ്പം ഞാനും ഉണ്ടായിരിക്കും. കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ അദ്ദേഹത്തോട് ചർച്ച ചെയ്യാൻ ഈ അവസരം വിനിയോഗിക്കുകയും ചെയ്യും.

ആർ. ശങ്കറിനെ പോലെയുള്ള ഒരു നേതാവിന്റെ പേരിലുള്ള പരിപാടി സംഘ പരിവാറിന്റെ പരിപാടിയാക്കാൻ നടത്തിയ ശ്രമങ്ങൾക്ക് എതിരെ ഉയർന്ന ശക്തമായ പ്രതികരണങ്ങളിൽ എനിക്ക് സന്തോഷമുണ്ട്. എല്ലാവർക്കും പങ്കെടുക്കുവാൻ കഴിയുന്ന രീതിയിൽ പ്രതിമ അനാച്ഛാദനം നടത്തുന്നതായിരുന്നു അദ്ദേഹത്തിനോടുള്ള ഏറ്റവും വലിയ ആദരവ്. അദ്ദേഹത്തിന്റെ ആത്മാവിന് പോലും പൊറുക്കാൻ കഴിയാത്ത, അദ്ദേഹത്തിന്റെ ഓർമ്മകളെ പോലും അധിക്ഷേപിക്കുന്ന നടപടികൾക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു. മതേതര കേരളത്തിന്റെ മഹത്വത്തെയോർത്തു ഞാൻ അഭിമാനിക്കുന്നു. നന്ദി... എല്ലാവർക്കും നന്ദി.”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :