സംസ്ഥാനം രൂക്ഷമായ മരുന്ന് ക്ഷാമത്തിലേക്ക്

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (12:32 IST)
സംസ്ഥാനം രൂക്ഷമായ മരുന്നുക്ഷാമത്തിലേക്കെന്ന് സൂചന. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കം പല സ്വകാര്യ ആശുപത്രികളില്‍ പോലും ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ആന്റിബയോട്ടിക്കുകള്‍ക്കും ക്ഷാമമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പല ആശുപത്രികളിലും ഒരാഴ്ചത്തേക്കുള്ള മരുന്നുകള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് വിവരം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങിനല്‍കാന്‍ വൈകുന്നതാണ് ഇപ്പോഴത്തെ മരുന്നുക്ഷാമത്തിന് കാരണം.

ടെന്‍ഡര്‍ നടപടികളിലെ പാളിച്ചയും പലമരുന്നുകള്‍ക്കും വിതരണക്കാര്‍ എത്താത്തതും മൂലം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഇക്കൊല്ലത്തെ മരുന്നുവിതരണം താറുമാറായിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ടുമാര്‍ ആരോഗ്യവകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. ആന്റിബയോട്ടിക്കുകളും ജീവന്‍രക്ഷാ മരുന്നുകളും ഡിസംബര്‍ 20 വരെയുള്ള ആവശ്യത്തിന് മാത്രമെ സ്റ്റോക്കുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ടുമാര്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കുള്ള അടിയന്തര മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രികളിലുള്ളത്.

ഇതേ തുടര്‍ന്ന് പുറത്ത് നിന്ന് മരുന്ന് വാങ്ങാ‍നാണ് ആശുപത്രിസൂപ്രണ്ടുമാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാരുണ്യ ഫാര്‍മസികള്‍, നീതി, സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രിവികസനസമിതികളുടെ ഫാര്‍മസികള്‍ എന്നിവിടങ്ങളിലെ മരുന്നുലഭ്യത പരിശോധിച്ചശേഷം പൊതുവിപണിയില്‍ നിന്ന് മരുന്ന് വാങ്ങാനും ഇതിനായി ആശുപത്രി വികസന സമിതികള്‍, ആര്‍എസ്ബിവൈ എന്നിവയുടെ പണം ഇതിനായി ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നുകളുടെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്റ്റോക്ക് എത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്.
രുന്ന് നല്‍കിത്തുടങ്ങിയാല്‍ത്തന്നെ ആശുപത്രികള്‍ക്കുള്ള വിതരണം ശരിയായ രീതിയിലെത്താന്‍ രണ്ടാഴ്ചയോളം വേണ്ടിവരും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :