കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ പി ജയരാജനെ പ്രതി ചേര്‍ത്തു; ജയരാജന്‍ കേസില്‍ 25 ആം പ്രതി

കണ്ണൂര്‍| JOYS JOY| Last Modified വ്യാഴം, 21 ജനുവരി 2016 (12:37 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ പ്രതി ചേര്‍ത്തു. കേസില്‍ 25 ആം പ്രതിയായാണ് സി ബി ഐ ജയരാജന്റെ പേര് ചേര്‍ത്തിരിക്കുന്നത്. ഒന്നു മുതല്‍ 24 വരെ പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ തന്നെയാണ് ജയരാജന്റെ മേലും ചുമത്തിയിരിക്കുന്നത്.

കൂടാതെ, യു എ പി എയിലെ 18 ആം വകുപ്പും ജയരാജന് എതിരെ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞദിവസം ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജയരാജന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി ബി ഐ കേസ് പരിഗണിക്കുന്നതു വരെ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നും തുടര്‍ന്ന് മുന്നോട്ടുള്ള നീക്കം പറയാന്‍ കഴിയില്ലെന്നും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‌കാന്‍ കഴിയില്ലെന്ന് ആയിരുന്നു കോടതിയുടെ നിലപാട്.

ക്രിമിനല്‍ ഗൂഡാലോചന, സംഘം ചേരല്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഒന്നാം പ്രതി വിക്രമനുമായുള്ള ജയരാജന്റെ ബന്ധവും കുറ്റപത്രത്തില്‍ സി ബി ഐ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിലവില്‍ കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് പി ജയരാജന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :