ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (16:15 IST)
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമ്പോള്‍ കേരളത്തിന്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പു നല്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു വില്ലേജ് മുഴുവന്‍ പരിസ്ഥിതി ലോല പ്രദേശമായി പരിഗണിക്കാനാവില്ലെന്ന കേരളത്തിന്റെ നിലപാട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വില്ലേജുകളെ ഭാഗികമായി പരിസ്ഥിതിലോല പ്രദേശമാക്കാനാവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. വില്ലേജിനെ മുഴുവനായി പരിസ്ഥിതിലോല മേഖലയായി കണക്കാക്കണം അല്ലെങ്കില്‍ ഒഴിവാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ ഒരു വില്ലേജ് എന്നത് ഒരു വാര്‍ഡ് പോലെയാണെന്നും എന്നാല്‍ കേരളത്തില്‍ ഒരു വില്ലേജ് ഒരു പഞ്ചായത്ത് പോലെയാണെന്നും കേന്ദ്രമന്ത്രിയെ ധരിപ്പിച്ചതായും കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്.