'ആ ദിലീപ് ചിത്രം കാരണം മരിച്ചുപോയിരുന്നെങ്കിൽ എന്ന് വരെ തോന്നിയിരുന്നു'; വൈറലായി ഗേ ആക്ടിവിസ്റ്റിന്‍റെ കുറിപ്പ്, കയ്യടിച്ച് നടി പാര്‍വതി

നിവിൻ പോളിയുടെ വാക്കുകൾ കേട്ട് കഷ്ടം തോന്നി: വൈറലാകുന്ന വാക്കുകൾ

aparna| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2017 (12:32 IST)
ദിലീപിന്റെ ചാന്തുപൊട്ട് പോലെയുള്ള സിനിമകള്‍ പച്ചയായ ഒരു മനുഷ്യന്റെ ജീവിതത്തില്‍ മോശമായ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് തുറന്നെഴുതുകയാണ് ഗേ ആക്ടിവിസ്റ്റും ക്വീര്‍ കേരള ഉള്‍പ്പെടെയുള്ളവയുടെ സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് ഉനെയ്‌സ്.

‘ചാന്തുപൊട്ട് എന്ന റിലീസ് ചെയ്തതിന് പിന്നാലെ ട്യൂഷന്‍ ക്ലാസില്‍വെച്ച് ആ പേര് കിട്ടി, പിന്നീട് സ്‌കൂളിലും ആ പേര് പതിഞ്ഞു. ക്ലാസിന് പുറത്തിറങ്ങാതെയായിരുന്നു പിന്നീടുള്ള ജീവിതം’ – മുഹമ്മദ് ഉനെയ്‌സ് പറയുന്നു. ഫെയ്‌സ്ബുക്കില്‍ ഉനെയ്‌സ് എഴുതിയ കുറിപ്പിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിച്ചു. ഈ കുറിപ്പിന് മറുപടിയായി പാര്‍വതിയും ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. പാര്‍വതി പറഞ്ഞത് ഇങ്ങനെ.



ഉനൈസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:


തീവ്രമായ അനുഭവങ്ങളൊന്നും തന്നെ അത്ര വേഗം മായിച്ചു കളയാന്‍ ഒക്കില്ല എന്നുള്ളത് കൊണ്ട് തന്നെ, അതൊക്കെ ഇന്നും വളരെ വ്യക്തമായി ഓര്‍മനില്‍ക്കുന്നുണ്ട്. ഞാന്‍ ഏഴാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചാന്ത്‌പൊട്ട് എന്ന സിനിമ റിലീസ് ചെയ്തത്. സംസാരത്തിലും ശരീരഭാഷയിലും അന്ന് ഭൂരിപക്ഷത്തില്‍ നിന്ന് ലേശം വ്യത്യസ്തപ്പെട്ടത് കൊണ്ടാകണം, ചില കൂടെ പഠിച്ചിരുന്നവരും, സീനിയേഴ്‌സുമൊക്കെ പെണ്ണെന്നും ഒമ്പതെന്നുമൊക്കെ കളിയാക്കി വിളിച്ചിരുന്നത്.

ട്യൂഷനില്‍ മലയാളം അധ്യാപകന്‍ പഠിപ്പിച്ചു കൊണ്ടിരുന്നതിനിടയില്‍ എന്നെ ചൂണ്ടിക്കാട്ടി ഇവന്‍ പുതിയ സിനിമയിലെ ചാന്ത്‌പൊട്ട് പോലെയാണന്ന് പറഞ്ഞപ്പോള്‍ ക്ലാസ് അട്ടഹസിച്ചു ചിരിച്ചു. എല്ലാവരുടേയും ആ അട്ടഹാസച്ചിരിയില്‍ എനിക്കനുഭവപ്പെട്ടത് നെഞ്ചിന്‍കൂട് പൊട്ടുന്ന വേദനയായിരുന്നു. ആ സംഭവത്തോട് കൂടി ആ ട്യൂഷന്‍ നിര്‍ത്തി. എന്നാല്‍ ആ വിളിപ്പേര് ട്യൂഷനില്‍ നിന്ന് തൊട്ടടുത്ത ദിവസം തന്നെ സ്‌കൂളിലുമെത്തി. ഏറെ ഹിറ്റായി ഓടിയ, ക്വീയര്‍ ന്യൂനപക്ഷ വിരുദ്ധത തിങ്ങിനിറഞ്ഞ ആ സിനിമ തിയേറ്ററില്‍ നിന്ന് പോയെങ്കിലും ‘ചാന്ത് പൊട്ട്’ എന്ന വിളിപ്പേര് നിലനിര്‍ത്തിത്തന്നു.

(ആ സിനിമ ഇറങ്ങിയ കാലത്ത് അതനുകരിച്ച്, തല്ല് കിട്ടിയ ആളുകളെ ഒരു പാട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടിട്ടുണ്ട്) ഓരോ ദിവസവും കഴിഞ്ഞു പോവുക എന്നത് അസഹനീയമായിത്തീര്‍ന്നു. മരിക്കുക, മരിക്കുക എന്ന് ഒരു പാട് കാലം മനസ് മന്ത്രിച്ചു കൊണ്ടിരുന്നു. ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ പോകേണ്ടി വരുമെന്ന മതവിശ്വാസം ഏറെ അസ്വസ്ഥനാക്കുകയും പിന്നോട്ട് വലിക്കുകയും ചെയ്തിട്ടുണ്ട്. പകല്‍ എല്ലാവര്‍ക്കും പരിഹാസമായിത്തീര്‍ന്ന്, രാത്രി ആരും കാണാതെ ഉറക്കമിളച്ചിരുന്ന് കരയുക എന്ന ഒരവസ്ഥ.

പൊതുനിരത്തില്‍ ഇറങ്ങാനും ആള്‍ക്കൂട്ടത്തിനിടയിലേക്ക് ചെല്ലാനുമുള്ള പേടി; കളിയാക്കപ്പെടുമോ എന്ന ഭയം. ഉച്ചയൂണ് കഴിച്ച് കഴിഞ്ഞ്, പാത്രം പുറത്ത് കഴുകാന്‍ പോകാതെ അതടച്ച് ബാഗില്‍ വച്ച് കുടിക്കാന്‍ ഉള്ള വെള്ളത്തില്‍ത്തന്നെ കൈ കഴുകി ക്ലാസില്‍ തന്നെ സമയം കഴിച്ചുകൂട്ടിയിരുന്ന ഒരു കാലം ഉണ്ട്. അതൊരുപാട് വീര്‍പ്പുമുട്ടിച്ചപ്പോള്‍, ഏതാണ്ട് ഒമ്പതില്‍ പഠിക്കുമ്പോള്‍ സൈക്യാട്രിസ്റ്റിനെ പോയിക്കണ്ടു. അടച്ചിട്ട മുറിയില്‍, അദ്ദേഹത്തോട് പൊട്ടിക്കരഞ്ഞ് സംസാരിച്ചതിപ്പഴും ഓര്‍മയുണ്ട്.

അന്ന് അവിടെ നിന്ന തന്ന മരുന്നുകള്‍ ഊര്‍ജം നല്‍കിയിരുന്നു. സ്‌ക്കൂള്‍ കാലഘട്ടത്തിലെ പുരുഷ-അധ്യാപകരുടെ കളിയാക്കലുകള്‍ വീണ്ടുമൊരുപാട് തുടര്‍ന്നിട്ടുണ്ട്. അപരിചിതരായ നിരവധി കുട്ടികള്‍ കൂടി തിങ്ങിനിറഞ്ഞ കംബൈന്‍ഡ് ക്ലാസില്‍, പഠിപ്പിച്ചു കൊണ്ടിരുന്ന അധ്യാപകന്‍ എന്റെ നടത്തമിങ്ങനെയാണന്ന് കാണിച്ച് അതിസ്‌ത്രൈണതയോട് കൂടി നടന്ന് കാണിച്ച് ക്ലാസിനെ അത്യുച്ചത്തില്‍ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. അന്നേരമെല്ലാം തകര്‍ന്നു പോയിട്ടുണ്ട്. ഭൂമി പിളര്‍ന്ന് അതിനിടയിലേക്ക് വീണ് പോകുന്ന തോന്നലാണ് അതൊക്കെ ഉണ്ടാക്കിയിരുന്നത്.

ഇതൊക്കെത്തന്നെയായിരുന്നു മുഖ്യധാരാ- ജനപ്രിയ സിനിമകളിലും കണ്ടത്. സിനിമക്കിടയില്‍ കാണികള്‍ക്ക് ചിരിയുണര്‍ത്താനായി നിങ്ങള്‍ പുരുഷനില്‍ അതിസ്‌ത്രൈണത പെരുപ്പിച്ചുകാട്ടി! വാഹന പരിശോധനക്കിടയില്‍ എസ്.ഐ.ബിജു പൗലോസിന്റെ കയ്യില്‍ ഒരാള്‍ പിടിച്ചത് കണ്ട് തിയേറ്റര്‍ കൂട്ടച്ചിരിയിലമര്‍ന്നപ്പോള്‍, അതൊരുപാട് പേരെ വേദനിപ്പിച്ചിട്ടും ഉണ്ട്. സമൂഹത്തിന്റെ ചില ധാരണകളെ അങ്ങനെത്തന്നെയന്ന് പറഞ്ഞ് അരക്കിട്ടുറപ്പിച്ച് നിലനിറുത്തുന്നതില്‍ ജനപ്രിയ വിനോദാപാധി ആയ സിനിമ വഹിക്കുന്ന പങ്ക് ചെറുതല്ല.

സ്ത്രീ-ക്വീയര്‍- ന്യൂനപക്ഷവിരുദ്ധത തിരുകിക്കയറ്റിയ ‘ആക്ഷന്‍ ഹീറോ ബിജു’ മികച്ച സിനിമയാണന്നും സാമൂഹിക സന്ദേശം ഉള്‍ക്കൊള്ളുന്ന സിനിമയാണന്നും കേള്‍ക്കേണ്ടി വന്നപ്പോള്‍ കഷ്ടം തോന്നി! ബിജു പൗലോസിനെപ്പോലുള്ള പോലീസുകാരാണ് നാടിനാവശ്യമെന്ന് നിവിന്‍ പോളി പറഞ്ഞപ്പോഴും, ആ സിനിമക്ക് സര്‍ക്കാര്‍ നല്കിയ സ്വീകാര്യതയും പിന്തുണയും ഏറെ ഭയപ്പെടുത്തിയിട്ടുണ്ട്. പ്രതീക്ഷക്ക് തീരെ വകയില്ലാത്തൊരു സമൂഹത്തിലാണ് ജീവിക്കുന്നതെന്ന ചിന്ത ഞാനുള്‍പ്പെടുന്ന ന്യൂനപക്ഷങ്ങളുടെ ഉള്ളില്‍ അതൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ‘ചാന്ത് പൊട്ട്’ എന്ന സിനിമയുടെ പേരില്‍ ആ ഏഴാം ക്ലാസുകാരന്‍ അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍, 11 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സിനിമയിലെ നായകന്റേയും സംവിധായകന്റെയും കാപട്യവും ക്രൂരതയും ജനങ്ങള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടതില്‍ സന്തോഷിക്കാന്‍ കഴിയില്ലായിരുന്നു.

11 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമയില്‍ കരുത്തുറ്റ ഒരു സ്ത്രീ, വ്യവസ്താപിതമായി ആധിപത്യം സൃഷ്ടിച്ചിരിക്കുന്ന വന്‍മരങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടി അവരുടെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങളെ വിമര്‍ശിച്ചത് കാണാന്‍ കഴിയില്ലായിരുന്നു.

ഉദ്ധരിച്ച ലിംഗം പ്രദര്‍ശിപ്പിച്ച് ആണത്വം തെളിയിക്കാന്‍ ആക്രോശിച്ച് പാഞ്ഞടുക്കുന്ന ആണ്‍ക്കൂട്ടങ്ങള്‍ക്ക് നേരെ നിന്ന്, ഭയത്തിന്റെ വേലിക്കെട്ടുകളെ പിഴുതെറിഞ്ഞ് വളരെ കൂളായി നിന്ന് OMKV പറയാന്‍ ഉള്ള നിങ്ങളുടെ മനസുണ്ടല്ലോ, അതുണ്ടായാല്‍ വിജയിച്ചു കഴിഞ്ഞു. ആത്മാഭിമാനത്തോട് കൂടി, അന്തസോട് കൂടി തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ ആവശ്യമായത് അതുപോലുള്ള കരുത്തുള്ള മനസും മനോഭാവവുമാണ്.

മുഖ്യധാരാ സിനിമ ഇത്രയും നാള്‍ നോവിച്ച എല്ലാവര്‍ക്കും വേണ്ടിയാണ് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് പാര്‍വതീ! ഒരുപാട് ഊര്‍ജവും പ്രചോദനവും നിങ്ങള്‍ അവര്‍ക്കെല്ലാവര്‍ക്കും കൊടുക്കുന്നുണ്ട്. സമത്വത്തിനെക്കുറിച്ചുള്ള മന്ദീഭവിച്ച പ്രതീക്ഷയെ നിങ്ങള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :