കള്ളപ്പണമല്ല, അക്കൗണ്ടിലുള്ളത് പച്ചക്കറി, മത്സ്യ കച്ചവടത്തിൽ നിന്നുള്ള പണമെന്ന് ബിനീഷ്, ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

അഭിറാം മനോഹർ| Last Modified ബുധന്‍, 12 മെയ് 2021 (14:54 IST)
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മെയ് 19ലേക്ക് മാറ്റി. ഏഴ് മാസം ജയിലിൽ കഴിഞ്ഞുവെന്നത് ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കുന്നതിന് കാരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ബെഞ്ചാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചത്. ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കണം എന്ന്
ഇ‌ഡി അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ വിശദമായി വാദം കേൾക്കേണ്ട കേസാണിതെന്നും അവധിക്കാല ബെഞ്ചിന് ഇന്ന് വിശദമായി വാദം കേൾക്കാൻ സമയമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.

ഇതേ തുടർന്നാണ് ഏഴ് മാസമായി ബിനീഷ് ജയിലിലാണെന്നും അതിനാൽ അടിയന്തിരമായി വാദം കേട്ട് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണം പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തിൽനിന്ന് ലഭിച്ച പണമാണ്. അല്ലാതെ കള്ളപ്പണമല്ല. കേസിലെ പ്രതിയായ അനൂപ് മുഹമ്മദിൽനിന്ന് ബിനീഷിന് പണം ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

നേരത്തേ രണ്ടു തവണ ബെംഗളൂരു പ്രത്യേക കോടതി (സെഷൻസ് കോടതി) ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് പിതാവിന്റെ മോശം ആരോഗ്യനില ചൂണ്ടികാട്ടിയാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :