രേണുക വേണു|
Last Modified ഞായര്‍, 15 ഡിസംബര്‍ 2024 (11:46 IST)
പാലക്കാട് കല്ലടിക്കോട് പനയംപാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തില്‍ റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത അപകടത്തിനു കാരണമായെന്ന് കണ്ടെത്തല്‍. പനയംപാടം വളവിന്റെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം ഔദ്യോഗിക വാഹനം നേരിട്ട് ഓടിച്ചാണ് സംഭവസ്ഥലത്ത് എത്തിയത്.
പനയംപാടത്തെ റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്നും അത് ഉടന്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. റോഡിന്റെ നിര്‍മാണം അശാസ്ത്രീയമാണ്. ഒരുവശത്ത് കൂടുതല്‍ വീതിയും മറുവശത്ത് കുറഞ്ഞ വീതിയും ആണുള്ളത്. ഇത് പരിഹരിക്കാന്‍ റോഡിന്റെ നടുവിലെ മാര്‍ക്ക് രണ്ട് മീറ്റര്‍ മാറ്റിവരയ്ക്കും. ഇവിടെ അടിയന്തിരമായി ഡിവൈഡര്‍ സ്ഥാപിക്കും. അപകടത്തിന് കാരണമാകുന്ന
വലതുഭാഗത്തുള്ള ഓട്ടോസ്റ്റാന്‍ഡ് ഇടതു ഭാഗത്തേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവരുടെ യോഗം ചൊവ്വാഴ്ച വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കണ്‍സ്ട്രക്ഷന്‍ അപാകതയാണ് റോഡിനുള്ളത്. അത് പരിഹരിക്കാനാണ് ചര്‍ച്ച. ഇതിലേക്കുള്ള പണം നാഷണല്‍ ഹൈവേ അതോറിറ്റിയാണ് അനുവദിക്കേണ്ടത്. അവര്‍ വിസമ്മതിക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ റോഡ് സേഫ്റ്റി അതോറിറ്റി വഴി തുക അനുവദിക്കും.
മുണ്ടൂരിലെ ദേശീയപാതയിലും നാട്ടുകാര്‍ ഇത്തരം ഒരു പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അത് കെ.എസ്.ടി.പി റോഡാണ്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ പെടുത്തും. അവിടെ വേണ്ടത് റൗണ്ടാണോ ഫ്‌ളക്ച്ചര്‍ ലൈറ്റാണോ തുടങ്ങിയ കാര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഉദ്യോഗസ്ഥ പരിശോധനയിലൂടെ തീരുമാനിക്കും. റോഡ് ക്രോസിംഗുകള്‍ക്ക് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നത് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു എന്നത് കാണാതിരുന്നുകൂടായെന്നും മന്ത്രി പറഞ്ഞു.