മൂന്നാര്‍ ദൗത്യം പരാജയപ്പെടാന്‍ കാരണം സിപിഐ; ദൗത്യത്തിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടത് വിഎസ് - സുരേഷ് കുമാര്‍ തുറന്നു പറയുന്നു

പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു

  ksureshkumar, munnar , V S Achuthanandan , CPI and CPM മൂന്നാര്‍ ദൌത്യം , കെ സുരേഷ് കുമാര്‍ , വി എസ് , കൈയേറ്റം
തിരുവനന്തപുരം| jibin| Last Modified ശനി, 30 ജൂലൈ 2016 (20:19 IST)
സിപിഐയുടെ കടത്തു എതിര്‍പ്പാണ് മൂന്നാര്‍ ദൗത്യം പരാജയപ്പെടാന്‍ കാരണമായതെന്ന് കെ സുരേഷ് കുമാര്‍ ഐഎഎസ്. സിപിഐക്ക് പിന്നാലെ ഔദ്യഗികപക്ഷവും നിലപാട് ശക്തമാക്കിയതോടെ ദൗത്യത്തിൽ നിന്ന് പിൻമാറാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. മൂന്നാറിലേത് സുതാര്യ ഇടപെടൽ മാത്രമായിരുന്നുവെന്നും ദൗത്യത്തിന്‍റെ സ്പെഷ്യൽ ഓഫീസറായിരുന്ന സുരേഷ് കുമാര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. രാഷ്‌ട്രീയ പ്രമുഖര്‍ക്കും ഉന്നത ഉദ്യോഗസ്ഥരും ഇതിന് പിന്നിലുണ്ടായിരുന്നു. സിപിഐയുടെ സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദൗത്യത്തിൽ നിന്ന് പിൻമാറാൻ വി എസ് നേരിട്ട് ആവശ്യപ്പെട്ടതെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

മൂന്ന് മാസം നിശ്ചയിച്ച ദൗത്യം 28മത്തെ ദിവസം കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നു. ഔദ്യോഗിക പക്ഷത്തിന്റെയും വി എസ് പക്ഷത്തിന്റെയും കൂടാതെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയുടെയും കെട്ടിടങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അതില്‍ പലതും പൊളിക്കുകയും ചെയ്‌തു. അവസാനം എല്ലാവരും ഒന്നിക്കുകയായിരുന്നുവെന്നും രണ്ടു വർഷം സേവന കാലാവധി ബാക്കിനില്‍ക്കെ സ്വയം വിരമിക്കാന്‍ ഒരുങ്ങുന്ന സുരേഷ് കുമാര്‍ വ്യക്തമാക്കി.
നിലവിൽ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് അദ്ദേഹം.

ലോട്ടറി മേഖലയിലേയും വിദ്യാഭ്യാസ മേഖലയിലേയും ഇടപെടുലകള്‍ സംതൃപ്തി നൽകുന്നവയാണ്. അനുഭവങ്ങൾ പുസ്തകമാക്കും. വിദ്യാഭ്യാസ മേഖലയിൽ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താൽപര്യമെന്നും സുരേഷ്കുമാര്‍ പറഞ്ഞു.

വിഎസ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫിസിലെ സെക്രട്ടറിയായിരുന്നു സുരേഷ്കുമാര്‍. മൂന്നാര്‍ ദൗത്യത്തില്‍ സിപിഐയുടെ ജില്ലാ കമ്മറ്റി ഓഫിസ് കൂടി പൊളിക്കാന്‍ സുരേഷ്കുമാര്‍ എടുത്ത തീരുമാനം വലിയ രാഷ്ട്രീയമുന്നേറ്റങ്ങളില്‍ ഒന്നായ വിഎസിന്റെ മൂന്നാര്‍ ദൌത്യത്തിനു മൂക്കുകയറായി മാറി.
ഇതോടെ മാറി മാറി വന്ന സര്‍ക്കാരുകള്‍ സുരേഷ് കുമാറിനെ ഒതുക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :