കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനക്ക് മറുപടി പറഞ്ഞ് അകല്‍ച്ചയുണ്ടാക്കാനില്ലാ, ഖേദം പ്രകടിപ്പിക്കേണ്ട ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും മാണി

Sumeesh| Last Modified ശനി, 9 ജൂണ്‍ 2018 (14:56 IST)
രാജ്യസഭ സീറ്റ് കേരള കോൺഗ്രസിനു നൽകിയ തീരുമാനത്തിൽ യുവ എം എൽ എമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും കലാപക്കൊടി ഉയർത്തുന്നതിനിടെ കോണ്‍ഗ്രസിനെതിരായ മുന്‍ പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കണമെന്ന വി.എം. സുധീരന്റെ ആവശ്യം മാണി തള്ളി. ഖേദം പ്രകടിപ്പിക്കേണ്ട ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് മാണി പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്മാറിയോ എന്ന് മാണി വ്യക്തമാക്കണമെന്നും യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കാനുള്ള മുന്‍ നിലപാടില്‍ ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു മാണി.

രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ ജോസ് കെ. മാണിക്ക് താല്‍പര്യമില്ലായിരുന്നില്ല. പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനക്ക് മറുപടി പറഞ്ഞ് അകല്‍ച്ചയുണ്ടാക്കാനില്ലെന്നും മാണി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

അതേ സമയം നേതൃമാറ്റം ആവശ്യപ്പെട്ട് കൂടുതൽ യുവ എം എൽ എമാർ രംഗത്തെത്തുകയാണ്. രണ്ട് ഗ്രൂപ്പുകളുടെ നേതാക്കൾ മറ്റാരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം ഏതെങ്കിലും തീരുമാനമെടുത്താൽ അത് കേരളത്തിലെ കോൺഗ്രസിന്റെ ഔദ്യോഗിക തീരുമാനമാവുന്ന അവസ്ഥ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ബല്‍‌റാം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

കഴിവുകെട്ട നേതൃത്വവും ഉപദേശികളും അടക്കം, സമൂലമായ മാറ്റം വേണം. എവിടെയൊക്കെയാണെങ്കിൽ അവിടെയൊക്കെ മാറണം.എ. കെ ആന്റണി ഇടപെടണമെന്ന് അനിൽ അക്കരെയും ആവശ്യപ്പെട്ടു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :