അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോൾ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് സിപിഎം: കെ കെ രമ

തിങ്കള്‍, 12 മാര്‍ച്ച് 2018 (10:06 IST)

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എംപി നേതാവ് കെകെ രമ. അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോള്‍ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് ‍ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 
 
ടിപി ചന്ദ്രശേഖരന്‍ സിപിഐഎമ്മിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നതായി കോടിയേരി കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിച്ചിരുന്നു. കൂടാതെ ആര്‍എംപി പിരിച്ചുവിടണമെന്നും കെകെ രമയുടെ പാര്‍ട്ടിയായി ആര്‍എംപി ചുരുങ്ങിയെന്നും കോടിയേരി ആക്ഷേപിച്ചിരുന്നു. ഇതിനു മറുപടിയായണ് രമ രംഗത്തെത്തിയിരിക്കുന്നത്.
 
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
 
അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോൾ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎംപിയെ തകർക്കാൻ സകല നെറികെട്ട പ്രയോഗങ്ങളും പയറ്റിത്തോറ്റവർ അവസാന അടവെന്ന നിലയിൽ ചന്ദ്രശേഖരനെ തന്നെ കൂട്ടുപിടിക്കുന്ന പരിഹാസ്യതയ്ക്കാണ് നാട് സാക്ഷിയാവുന്നത്.

ചന്ദ്രശേഖരൻ സിപിഎം വിരുദ്ധനല്ലെന്ന വെളിപാട് സിപിഎം സംസ്ഥാന സെക്രട്ടറി ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ തന്നെ പങ്കുവെച്ചത് നന്നായി. പിണറായിയും കോടിയേരിയും ജയരാജൻമാരുമെല്ലാം ജീവിച്ചിരുന്ന കാലത്ത് ചന്ദ്രശേഖരനെന്ന കമ്യൂണിസ്റ്റിന് മേൽചൊരിഞ്ഞ നെറികെട്ട ആക്ഷേപ, അധിക്ഷേപവർഷങ്ങൾക്കും കൊടുംനുണപ്രചാരണങ്ങൾക്കുമെല്ലാം എത്ര തവണ നേർസാക്ഷിയായ മൈതാനമാണിത്! തീർച്ചയായും പുതിയ ഏറ്റുപറച്ചിലുകൾക്കും ഇവിടം തന്നെയാണ് ഉചിതം. 

ചന്ദ്രശേഖരനും അദ്ദേഹത്തിൻറെ സഖാക്കളും ഒരിക്കലും സിപിഎം വിരുദ്ധരായിരുന്നില്ലെന്ന് ഈ നാടിനറിയാം. ചന്ദ്രശേഖരൻ കുലംകുത്തിയാണെന്ന പതിറ്റാണ്ട് നീണ്ട തങ്ങളുടെ ഗീബൽസിയൻ നുണപറച്ചിൽ ഇവിടുത്തെ ജനങ്ങളുടെ മനസ്സിനെ തെല്ലും സ്പർശിച്ചു പോലുമില്ലെന്ന കൃത്യമായ ബോധ്യത്തിൽ നിന്നാണ് കോടിയേരിയുടെ ലജ്ജാശൂന്യമായ പുതിയ കരണംമറിച്ചിൽ ഉണ്ടായിരിക്കുന്നതെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല.

സിപിഎം വിരുദ്ധനായിരുന്നെങ്കിൽ നിങ്ങൾക്ക് ചന്ദ്രശേഖരനെ കൊല്ലേണ്ടിവരുമായിരുന്നില്ല. വിരുദ്ധനായി മുദ്രകുത്താനുള്ള നിങ്ങളുടെ സംഘടിതനേതൃശ്രമങ്ങൾ ദയനീയമായി തോറ്റുപോയതു കൊണ്ടാണ് ചന്ദ്രശേഖരന് മരണശിക്ഷ വിധിക്കപ്പെട്ടത്. ഞങ്ങൾ കേവല സിപിഎം വിരുദ്ധരാകാൻ വിസമ്മതിക്കുന്നത് കൊണ്ടുതന്നെയാണ് ഇപ്പോഴും ആർഎംപി സഖാക്കളെ കൊലവാളുകൾ പിന്തുടർന്നു കൊണ്ടിരിക്കുന്നതെന്ന് ഞങ്ങൾക്ക് നല്ല ബോധ്യവുമുണ്ട്.
കൺമുന്നിൽ കിടപ്പാടങ്ങൾ നിന്നുകത്തുന്നത്, ജീവനോപാധികൾ ചുടുചാരമാകുന്നത്, സ്ത്രീകളും കുഞ്ഞുങ്ങളും ഭിന്നശേഷിക്കാരും വരെ തല്ലേറ്റുവീഴുന്നത്, പൊതുപ്രവർത്തകർ ജീവച്ഛവങ്ങളാക്കപ്പെടുന്നത്, കള്ളക്കേസുകളിൽ കെട്ടി നാടിൻറെ ചെറുപ്പത്തെ തടവറയിൽ തള്ളുന്നത്, എല്ലാം ഈ ജനത ജീവിതം കൊണ്ട് ചെങ്കൊടിയുടെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നു എന്ന ഒറ്റ കുറ്റത്തിനാണെന്ന് ഞങ്ങൾക്കറിയാം. 

ഞങ്ങളിപ്പോഴും ചന്ദ്രശേഖരൻറെ രാഷ്ട്രീയത്തെ വിട്ടുവീഴ്ചയില്ലാതെ പിന്തുടരുകയാണെന്നതിന് ഇപ്പോഴും അവസാനിക്കാത്ത സിപിഎം ആക്രമണങ്ങൾ തന്നെയാണ് സാക്ഷി., ആർഎംപി സഖാക്കളുടെ കാതിലലയ്ക്കുന്ന കൊലവാൾശീൽക്കാരങ്ങളാണ് സാക്ഷി., ഞങ്ങൾ ജീവിക്കുന്ന ഈ അരക്ഷിത ജീവിതമാണ് സാക്ഷി., വെട്ടേറ്റുവീഴുമ്പോഴും ഞങ്ങളുടെ കൈകളിൽ വിറകൊള്ളാതെ പറക്കുന്ന ഈ രക്തപതാകകളാണ് സാക്ഷി.

ശ്രീ കോടിയേരി ബാലകൃഷ്ണനോട് ഒരു കാര്യം മാത്രം പറയാം., ഭീകരമായ ആക്രമണങ്ങളിലൂടെ പൊറുതിമുട്ടിച്ച് ഞങ്ങളെ വിരുദ്ധകൂടാരം കയറ്റാമെന്നത് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്., കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയനിശ്ചയങ്ങളുടെ ഉള്ളുറപ്പെന്തെന്നറിയാത്തവരുടെ കനത്ത തെറ്റിദ്ധാരണ. ഞങ്ങളുടെ സഖാക്കളുടെ നെഞ്ചകം വെട്ടിക്കീറി നിങ്ങളൊഴുക്കിയ ഈ രക്തനദികളെ മുറിച്ചു നീന്തി തന്നെ ഞങ്ങൾ വർഗ്ഗരാഷ്ട്രീയത്തിൻറെ വിജയതീരങ്ങളിൽ ചെങ്കൊടി നാട്ടും., വെട്ടിക്കൊലയാളികളും നക്കിക്കൊലയാളികളും തീർച്ചയായും നിരാശപ്പെടേണ്ടി വരും.

പ്രിയ ടിപി നീ ഇപ്പോഴും അവരെ ഭയപ്പെടുത്തുന്നു, തോൽപ്പിച്ചു കൊണ്ടിരിക്കുന്നു., മരിക്കാത്ത നിൻറെ രാഷ്ട്രീയവുമായി ഞങ്ങളീ തെരുവിൽ രക്തമഴകളിൽ നനഞ്ഞ് പൊരുതിക്കൊണ്ടിരിക്കുന്നു..

പ്രിയ ടിപിയുടെ സമരധീരസ്നേഹ രാഷ്ട്രീയസ്മരണകൾക്ക് ഹൃദയാഭിവാദ്യങ്ങൾ..ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ത്രിപുര കത്തിയ രാത്രിയിൽ, നമ്മളുറങ്ങാതിരുന്ന രാത്രിയില്‍ അവര്‍ പടയ്ക്ക് കോപ്പ് കൂട്ടുകയായിരുന്നു’

മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി അരുണ്‍‌ലാല്‍ ലെനിന്‍. രാജ്യത്തിന്റെ ...

news

കണ്ണൂരില്‍ എസ് എഫ് ഐ പ്രവര്‍ത്തകന് കുത്തേറ്റു; നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കിരണിന് കുത്തേറ്റ സംഭവത്തില്‍ നാലുപേര്‍ ...

news

അവർ തെരുവിലാണ്, നമ്മൾ കഴിക്കുന്ന ഓരോ വറ്റിലും അവരുണ്ട്!

മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി എഴുത്തുകാരി ദീപ നിശാന്ത്. ...

news

ഇത് മണ്ണില്‍ പണിയെടുക്കുന്നവരുടെ ആവേശമാണ്, തല്ലിക്കെടുത്താനാകില്ല!

ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥ ...

Widgets Magazine