കൊച്ചി|
aparna shaji|
Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (11:20 IST)
മുൻമന്ത്രി കെ ബാബുവിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് വിജിലൻസ്. സ്വത്ത് സമ്പാദന കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബാബുവിനെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. ബിനാമികൾ എന്ന് ആരോപിക്കപ്പെടുന്ന ബബുറാം, മോഹനൻ എന്നിവരുമായി കെ ബാബുവിന് ബന്ധമുള്ളതായി വ്യക്തമാക്കുന്ന ഫോൺ രേഖകളുടെ പരിശോധന പൂർത്തിയായതായി വിജിലൻസ് പറഞ്ഞു.
സെപ്തംബർ മൂന്നിന് ബാബുവിന്റെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വിജിലൻസ് തെളിവുകൾ കണ്ടെത്തിയത്. ബാബുറാം വിജിലൻസിന് കത്ത് നൽകിയിരുന്നു. കെ ബാബുവിന് ബിനാമി ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് വ്യക്താക്കുന്നതാണ് തെളിവുകൾ. ബിനാമികളെന്ന് എഫ് ഐ ആറിൽ പരാമർശിക്കുന്ന ബാബുറാം, മോഹൻ അവരുടെ കുടുംബാംഗങ്ങൾ എന്നിവർ അടുത്തിടെയെങ്ങാനും ഭൂമി വാങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് ഐ ജിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ രേഖകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, ബാർകോഴക്കേസിൽ കെ ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന. കഴിഞ്ഞ ദിവസം വിജിലൻസിന് മുമ്പാകെ ബാബു നൽകിയ വിശദീകരണങ്ങളിൽ പൊരുത്തക്കേട് ഉള്ളതിനാലാണ് ഈ തീരുമാനം. കൂടുതൽ പരിശോധന നടത്തിയതിനു ശേഷമായിരിക്കും ചോദ്യം ചെയ്യൽ.